
ആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പൊലീസ് കേസെടുത്തു. യു.ഡി.എഫ് നേതാവായിരുന്ന എ.ഇർഷാദിനെതിരെയാണ് കായംകുളം പൊലീസിന്റെ നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാദ്ധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐ.ടി നിയമവും ചുമത്തി. സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഒരു സ്ത്രീക്ക് നേരെയും അധിക്ഷേപ പരാമർശം നടത്തുന്നത് ഭൂഷണമല്ലെന്നും നിയമം നിയമത്തിന്റെ വഴിക്കാണെന്നും യു.പ്രതിഭ പറഞ്ഞു. വിഷമം അനുഭവിച്ച വ്യക്തി എന്ന നിലയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വ്യാപകമായി സൈബർ ആക്രമണവും നേരിടുന്നുണ്ട്. സൈബർ അധിക്ഷേപം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിഭ അറിയിച്ചു.
വികസനങ്ങൾ നടത്താതെ വാക്ചാതുര്യത്താലും ശരീരഅഴക് കൊണ്ടും പ്രതിഭ തിരഞ്ഞെടുപ്പിലേക്ക് വരികയാണെന്നായിരുന്നു യു.ഡി.എഫ് കായംകുളം മണ്ഡലം കൺവീനറായിരുന്ന ഇർഷാദിന്റെ പരാമർശം. വിവാദമായതോടെ ഇർഷാദിനെ മുസ്ലീം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സ്ത്രീവിരുദ്ധ പരാമർശനത്തിനെതിരെ ഇടതുപക്ഷ മഹിളാസംഘടനകൾ ഇന്നലെ കായംകുളം നഗരത്തിൽ പ്രതിഷേധറാലി നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |