SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.24 AM IST

ഗോദയിൽ ചൂടിനെ വെല്ലും വിവാദച്ചൂട്

Increase Font Size Decrease Font Size Print Page
udf

തിരുവനന്തപുരം: അന്തിമ സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ ഇനി തീപാറും പോരാട്ടത്തിന്റെ ദിനങ്ങൾ. കനത്ത ചൂട് വെല്ലുവിളിയാണെങ്കിലും അതിനെ വെല്ലുംവിധമാകും പ്രചാരണച്ചൂട് കളത്തിൽ നിറയുക. സംസ്ഥാനത്തിന്റെ വികസനം ചർച്ചയാവുന്ന തിരഞ്ഞെടുപ്പെന്ന് തുടക്കത്തിൽ മൂന്നു മുന്നണികളും പ്രഖ്യാപിച്ചെങ്കിലും പിന്നീട് കണ്ടത് വിസ്മയങ്ങളും വിവാദങ്ങളും വ്യക്തിയധിക്ഷേപങ്ങളും. വരുംദിവസങ്ങളിലും അപ്രതീക്ഷിത ആരോപണങ്ങളും വഴിത്തിരിവുകളും വന്നേക്കാം.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും കോലാഹലങ്ങൾക്ക് സാക്ഷ്യം വഹിച്ച മറ്റൊരു തിരഞ്ഞെടുപ്പ് കേരളത്തിലുണ്ടായിട്ടില്ല. ബി.ജെ.പി ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തമ്മിലുള്ള കൊമ്പുകോർക്കലാണ് ഒടുവിൽ പ്രചാരണരംഗത്തെ ചൂടുപിടിപ്പിച്ചത്. ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ മന്ത്രി സജി ചെറിയാനാണെന്ന് സി.പി.എം വിട്ട ജി.സുധാകരൻ ആരോപിച്ചതും ചർച്ചകൾക്ക് വഴിവച്ചു.

കായംകുളത്തെ ഇടതുസ്ഥാനാർത്ഥി യു.പ്രതിഭയ്ക്കെതിരെ ലീഗ് നേതാവ് നടത്തിയ അപകീർത്തി പരാമർശവും വിവാദമായി. നേതാവിനെതിരെ ലീഗ് നടപടിയെടുത്തെങ്കിലും സി.പി.എം ഇത് വലിയ രാഷ്ട്രീയ ചർച്ചയാക്കുകയാണ്. അപകീർത്തി പരാമർശത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്ന സാഹചര്യം അവരെ വല്ലാതെ വിയർപ്പിക്കും.

ജി.സുധാകരനെതിരായ ചെറ്റത്തരം പ്രയോഗവും വീട്ടിൽ പോയി ചോദിക്കെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ യു.ഡി.എഫ് പ്രചാരണായുധമാക്കും. ഇതിന്റെ സാഹചര്യം വിശദീകരിക്കലാവും എൽ.ഡി.എഫിന്റെ വെല്ലുവിളി. കൃഷ്ണപിള്ള സ്മാരകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലും ഇടതുപക്ഷത്തെ കുഴക്കുന്നതാണ്.

വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ച ഏഴ് വിമത സ്ഥാനാർത്ഥികളിൽ ആറുപേരും പത്രിക പിൻവലിച്ചത് യു.ഡി.എഫിന് ആശ്വാസമെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കഴിഞ്ഞ ദിവസം ഉയർന്ന വിവാദം അവരെ വല്ലാതെ അലട്ടും. കോൺഗ്രസിൽ ഇപ്പോഴേ തമ്മിലടി എന്ന ധ്വനിയാണ് അതുണ്ടാക്കുന്നത്.

പിണറായിയും

സതീശനും നേർക്കുനേർ

ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷച്ചടങ്ങിൽ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങി വി.ഡി.സതീശൻ വിളക്ക് കൊളുത്തിയത് ഏത് ഡീൽ എന്നുചോദിച്ച് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് മുഖ്യമന്ത്രി ഇന്നലെ ശ്രമിച്ചത്. 1977ൽ ആർ.എസ്.എസ് പിന്തുണയിൽ ജയിച്ച് നിയമസഭയിലെത്തിയ പിണറായി ലക്ഷണമൊത്ത ആർ.എസ്.എസ് ഏജന്റാണെന്നായിരുന്നു ഇതിന് സതീശന്റെ തിരിച്ചടി.

മറുപടി പറയാൻ

ബി.ജെ.പിയും

വട്ടിയൂർക്കാവിൽ ബി.ജെ.പി പ്രവർത്തിക്കുന്നത് സി.പി.എമ്മിന് വേണ്ടിയാണെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ട ബാദ്ധ്യതയാണ് ബി.ജെ.പിക്ക്. നേമത്ത് സഹായിക്കുന്നതിന് പ്രത്യുപകാരമാണ് വട്ടിയൂർക്കാവിൽ ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു. പത്തോളം മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി ഡീൽ എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന.

TAGS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.