SignIn
Kerala Kaumudi Online
Saturday, 28 March 2026 11.26 AM IST

ഇനി ക്രിക്കറ്റ് രാവുകൾ

Increase Font Size Decrease Font Size Print Page
ipl

19-ാം സീസൺ ഐ.പി.എല്ലിന് ഇന്ന് തുടക്കം, ആദ്യ പോരാട്ടം ആർ.സിബിയും സൺറൈസേഴ്സും തമ്മിൽ

ബെംഗളുരു : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 19-ാം സീസണിന് ഇന്ന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. രാത്രി ഏഴരയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ആദ്യ മത്സരം.

പങ്കെടുക്കുന്ന 10 ടീമുകളും ഹോം ആൻഡ് എവേ രീതിയിൽ ഏറ്റുമുട്ടുന്ന പഴയ രീതിയിലേക്ക് ഈ സീസൺ മുതൽ ഐ.പി.എൽ തിരിച്ചുപോവുകയാണ്. പ്രാഥമിക ലീഗിൽ 70 മത്സരങ്ങളാണ് ആകെയുള്ളത്. ‌ഈ മത്സരങ്ങളുടെ തീയതിക്രമം കഴിഞ്ഞദിവസം ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു. ഉദ്ഘാടനമത്സരവും മേയ് 31ന് ഫൈനലും നിശ്ചയിച്ചിരിക്കുന്നത് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ സീസണിൽ ആർ.സി.ബിയുടെ കിരീടാഘോഷങ്ങൾക്കിടെയുണ്ടായ ദാരുണസംഭവങ്ങൾക്ക് ശേഷം ആദ്യമായാണ് ചിന്നസ്വാമിയിൽ മത്സരം നടക്കുന്നത്.

കിരീടമോഹവുമായാണ് എല്ലാ ടീമുകളും ഈ സീസണിന് തയ്യാറെടുത്തിരിക്കുന്നത്. രജത് പാട്ടീദാറിന്റെ നേതൃത്വത്തിൽ, വിരാട് കൊഹ്‌ലിയുടെ തലപ്പൊക്കത്തിലാണ് ആർ.സി.ബി കിരീടം നിലനിറുത്താനിറങ്ങുന്നത്. കഴിഞ്ഞ സീസൺ ഫൈനലിൽ ആർ.സി.ബിയോട് തോറ്റ പഞ്ചാബ് കിംഗ്സ് തങ്ങളുടെ ആദ്യ കിരീ‌ടം നേടാനുള്ള ശ്രമത്തിലാണ്. 2024ൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ചാമ്പ്യൻസാക്കിയ ശ്രേയസ് അയ്യരിലാണ് പഞ്ചാബിന്റെ പ്രതീക്ഷകൾ. മുംബയ് ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും കഴിഞ്ഞ സീസണിലും പ്ളേ ഓഫിലെത്തിയിരുന്നു. കഴിഞ്ഞ സീസണിൽ 14ൽ നാലുമത്സരങ്ങൾ മാത്രം ജയിക്കാനായ, പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിപ്പോയ ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിന്റെ വരവും ധോണിയുടെ സാന്നിദ്ധ്യവുംകൊണ്ട് വമ്പൻ തിരിച്ചുവരവ് കൊതിക്കുന്നു .സഞ്ജു പോയെങ്കിലും വൈഭവ് സൂര്യവംശിയെന്ന വജ്രായുധമാണ് രാജസ്ഥാന്റെ കരുത്ത്. വമ്പൻ വില നൽകി കാമറൂൺ ഗ്രീൻ ഉൾപ്പടെയുള്ളവരെ സ്വന്തമാക്കി കൊൽക്കത്തയും തിരിച്ചുവരവിന് കച്ചകെട്ടുകയാണ്. ഡൽഹി ക്യാപ്പിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകളും മികച്ച താരനിരയുമായി കച്ചമുറുക്കിക്കഴിഞ്ഞു.

സഞ്ജുവിന്റെ ചെന്നൈ

പുതിയ സീസണിൽ ആരാധകർ കാത്തിരിക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ വരവാണ്.അഞ്ചുവർഷം രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു കഴിഞ്ഞ വർഷത്തെ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുനിന്നുണ്ടായ തിക്താനുഭവങ്ങൾ കൊണ്ടാണ് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയത്. 45-ാം വയസിലേക്ക് കടക്കുന്ന ധോണിയുടെ ചെന്നൈയിലെ അവസാന സീസണാകും ഇത്. വിക്കറ്റ് കീപ്പറായും ക്യാപ്ടനായും ധോണിക്ക് പറ്റിയ പകരക്കാരനെത്തേടിയുള്ള ചെന്നൈയുടെ അന്വേഷണം സഞ്ജുവിലെത്തി നിൽക്കുകയാണ്. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ തിളക്കത്തിൽ ആത്മവിശ്വാസം നിറഞ്ഞ മനസോടെയാണ് സഞ്ജു ചെന്നൈയിൽ എത്തുന്നത്. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാന് എതിരെയാണ് ചെന്നൈയുടെ ഈ സീസണിലെ ആദ്യ മത്സരം.

പുത്തൻ നായകരായി

പരാഗും ഇഷാനും

ഈ സീസണിൽ സഞ്ജുവിന് പകരം രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് റിയാൻ പരാഗാണ്. കഴിഞ്ഞ സീസണിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജു പരിക്കേറ്റിരുന്നപ്പോൾ റോയൽസിനെ നയിച്ചത് റിയാനായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ കഴിഞ്ഞ സീസണിലെ നായകൻ പാറ്റ് കമ്മിൻസ് ടീമിനാെപ്പം ചേർന്നെങ്കിലും പരിക്കിനെത്തുടർന്ന് ആദ്യ മത്സരങ്ങളിൽ കളിക്കുന്നത് ഉറപ്പായിട്ടില്ല. കമ്മിൻസിനൊപ്പം താത്കാലിക ക്യാപ്ടനായി ഇഷാൻ കിഷനെയും നിയമിച്ചിട്ടുണ്ട്.

വിലയേറിയ ഗ്രീൻ

ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ് ഈ സീസണിലെ ഏറ്റവും വിലയേറിയ താരം. 25.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ഗ്രീനിനെ സ്വന്തമാക്കിയത്. ഐ.പി.എൽ താരലേലത്തിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന വിദേശതാരമാണ് ഗ്രീൻ.ഇതുവരെ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ലാത്ത യുവതാരങ്ങളായ പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത് 14.20 കോടിക്കാണ്. ഇന്ത്യ കളിക്കാത്ത താരങ്ങൾക്ക് ഐ.പി.എല്ലിൽ ലഭിക്കുന്ന ഉയർന്ന തുകയാണിത്.

വിഘ്‌നേഷും വിഷ്ണുവും

സഞ്ജുവിനെക്കൂടാതെ മലയാളി സാന്നിദ്ധ്യമായുള്ളത് വിഘ്നേഷ് പുത്തൂരും വിഷ്ണു വിനോദുമാണ്. കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിനായി കളിച്ച സ്പിന്നർ വിഘ്നേഷ് ഇക്കുറി രാജസ്ഥാൻ റോയൽസിനായി ഇറങ്ങും. 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്സ് ടീമിൽ നിലനിറുത്തിയിരിക്കുകയാണ്. മറുനാടൻ മലയാളിതാരങ്ങളായ കരുൺ നായർ ഡൽഹി ക്യാപ്പിറ്റൽസിനായും ദേവ്‌ദത്ത് പടിക്കൽ ആർ.സി.ബിക്കായും കളിക്കും.

ടീമുകളും ക്യാപ്ടന്മാരും

ആർ.സി.ബി - രജത് പാട്ടീദാർ

രാജസ്ഥാൻ റോയൽസ് - റിയാൻ പരാഗ്

ചെന്നൈ സൂപ്പർ കിംഗ്സ് - റുതുരാജ്

ഗുജറാത്ത് ടൈറ്റാൻസ് - ശുഭ്മാൻ ഗിൽ

ഡൽഹി ക്യാപ്പിറ്റൽസ് - അക്ഷർ പട്ടേൽ

മുംബയ് ഇന്ത്യൻസ് - ഹാർദിക് പാണ്ഡ്യ

സൺറൈസേഴ്സ് -കമ്മിൻസ് / ഇഷാൻ കിഷൻ

ലക്നൗ സൂപ്പർ ജയന്റ്സ് - റിഷഭ് പന്ത്

പഞ്ചാബ് കിംഗ്സ് - ശ്രേയസ് അയ്യർ

നൈറ്റ്റൈഡേഴ്സ് - അജിങ്ക്യ രഹാനെ

ഐ.പി.എൽ ചാമ്പ്യൻസ് ഇതുവരെ

2008 - രാജസ്ഥാൻ റോയൽസ്

2009 - ഡെക്കാൻ ചാർജേഴ്സ്

2010 - ചെന്നൈ സൂപ്പർ കിംഗ്സ്

2011 - ചെന്നൈ സൂപ്പർ കിംഗ്സ്

2012 - കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

2013 - മുംബയ് ഇന്ത്യൻസ്

2014 - കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

2015 - മുംബയ് ഇന്ത്യൻസ്

2016- സൺറൈസേഴ്സ് ഹൈദരാബാദ്

2017 - മുംബയ് ഇന്ത്യൻസ്

2018 - ചെന്നൈ സൂപ്പർ കിംഗ്സ്

2019 - മുംബയ് ഇന്ത്യൻസ്

2020 - മുംബയ് ഇന്ത്യൻസ്

2021 - ചെന്നൈ സൂപ്പർ കിംഗ്സ്

2022 - ഗുജറാത്ത് ടൈറ്റാൻസ്

2023 - ചെന്നൈ സൂപ്പർ കിംഗ്സ്

2024 - കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

2025 - റോയൽ ചലഞ്ചേഴ്സ് ബെംഗളുരു

ടി.വി ലൈവ്

7.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും

TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.