
വാഷിംഗ്ടൺ: ഇറാൻ യുദ്ധം ആരംഭിച്ച് ഒരു മാസം ആകുമ്പോൾ യു.എസിന്റെ ആയുധ ശേഖരം തീരുന്നതിൽ പെന്റഗൺ ആശങ്കാകുലരാണെന്ന് റിപ്പോർട്ട്. പത്ത് ദിവസം കൂടി ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് റിപ്പോർട്ട് ചർച്ചയാകുന്നത്.
യു.എസിന്റെ വജ്രായുധമായ ടോമഹോക്ക് ക്രൂസ് മിസൈലുകൾക്കും ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുണ്ട്. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ കരുത്തുറ്റ ടോമഹോക്കിനെയാണ് യു.എസ് പ്രധാനമായും ഉപയോഗിക്കുന്നത്. യുദ്ധം നീണ്ടാൽ പശ്ചിമേഷ്യയിലുള്ള ടോമഹോക്ക് ശേഖരം തീരുമെന്ന് പ്രതിരോധ വിദഗ്ദ്ധർ ആശങ്ക പങ്കിട്ടു. മറ്റിടങ്ങളിൽ വിന്യസിച്ചിട്ടുള്ള ടോമഹോക്കുകളെ മേഖലയിലേക്ക് എത്തിക്കുന്നതും മിസൈലിന്റെ ഉത്പാദനം ഉയർത്തുന്നതും പ്രതിരോധ ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നുണ്ട്. മണിക്കൂറിൽ 880 കിലോമീറ്റർ വേഗതയുള്ള ടോമഹോക്കിന് റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കാൻ സാധിക്കും. ഫെബ്രുവരി 28 മുതൽ ഇറാന് നേരെ 850 ലേറെ ടോമഹോക്ക് മിസൈലുകളാണ് യു.എസ് പ്രയോഗിച്ചത്.
അതേസമയം വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കൃത്യതയുള്ള ആയുധങ്ങളുടെ സുഗമമായ ലഭ്യത എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ച് പെന്റഗൺ ഉദ്യോഗസ്ഥർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന മിസൈലുകളെയാണ് യു.എസ് ആശ്രയിക്കുന്നത്, എന്നാൽ പെന്റഗൺ തങ്ങളുടെ ആയുധ ശേഖരത്തിൽ എത്ര മിസൈലുകളോ ആയുധങ്ങളോ ഉണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ 10,000 സൈനികരെ കൂടി ഗൾഫ് രാജ്യങ്ങളിലെ ബേസുകളിലേക്ക് വിന്യസിക്കുന്നത് ട്രംപിന്റെ പരിഗണനയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇറാൻ വഴങ്ങിയില്ലെങ്കിൽ ഖാർഗ് ദ്വീപിനെ ആക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്. യു.എസ് ആർമിയുടെ 82-ാം എയർബോൺ ഡിവിഷനിലെ 4000 ത്തോളം സൈനികരെയും 5000 മറീൻ സൈനികരെയും മേഖലയിൽ വിന്യസിക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |