
ധാർമ്മികതയും നിയമവും രണ്ട്
ലക്‌നൗ: വിവാഹിതൻ ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻപങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രധാന നിരീക്ഷണം. അനാമികയുടെ അമ്മ കാന്തിയാണ് ഇവർക്കെതിരേ പരാതി നൽകിയത്. തുടർന്ന് കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് അനാമികയും നേത്രപാലും കോടതിയെ സമീപിക്കുകയായിരുന്നു. ധാർമ്മികതയും നിയമവും തമ്മിലുള്ള വേർതിരിവ് കോടതി അടിവരയിട്ട് വ്യക്തമാക്കി.
പ്രായപൂർത്തിയായ സ്ത്രീയ്‌ക്കൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലിവ് ഇൻ ബന്ധമാണുള്ളത്. പരസ്പര സമ്മതത്തോടെയുള്ളതാണത്.
അതിനാൽ നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റമൊന്നും ചെയ്തിട്ടില്ല. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സാമൂഹിക അഭിപ്രായമോ ധാർമ്മികതയോ അനുസരിച്ച് നിർണയിക്കാനാകില്ല.
-കോടതി വ്യക്തമാക്കി. പങ്കാളികളെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോടും അവർക്ക് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടാകരുതെന്ന് സ്ത്രീയുടെ കുടുംബത്തോടും നിർദ്ദേശിച്ചു. പങ്കാളികളുടെ വീട്ടിൽ പോവാനോ ഏതെങ്കിലും വഴി ബന്ധപ്പെടാനോ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ ജെ.ജെ. മുനീറിന്റെയും തരുൺ സക്‌സേനയുടെയും ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദം കേൾക്കാൻ ഏപ്രിൽ എട്ടിലേക്ക് മാറ്റി. അതേസമയം, തന്റെ മകളെ നേത്രപാൽ വശീകരിച്ചിരിക്കുകയാണെന്നാണ് അനാമികയുടെ അമ്മയുടെ വാദം. ജനുവരി എട്ടിനാണ് ഷാജഹാൻപുറിലെ ജയ്തിപുർ പൊലീസ് സ്‌റ്റേഷനിൽ ഇവർ പരാതി നൽകിയത്.
2018 ലെ ശക്തിവാഹിനി വേഴ്സസ് യൂണിയൻ ഒഫ് ഇന്ത്യ ആൻഡ് അദേഴ്സ് എന്ന കേസിൽ സുപ്രീം കോടതിയുടെ
വിധിന്യായത്തിൽ, പരസ്പര സമ്മതത്തോടെ ഒരുമിച്ച് താമസിക്കുന്ന മുതിർന്ന വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ കടമയാണെന്ന് നിരീക്ഷണമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |