
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിൻ്റെ സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
ശരീരത്തിൽ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗികൾ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളിലും ഇതുണ്ടാകാം. അതിനാൽ ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കണം. വീട്ടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുക. സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ടാകാമെന്നതിനാൽ വളർത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണം. അമിതമായി മധുരം ചേർത്തതും കാർബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക.പൊള്ളൽ, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |