SignIn
Kerala Kaumudi Online
Thursday, 23 April 2026 5.26 PM IST

​കുണ്ടറയിൽ കിടിലൻ പോര്

Increase Font Size Decrease Font Size Print Page

കൊല്ലം: കുണ്ടറയിൽ ഇത്തവണ നടക്കുന്നത് പ്രവചനാതീതമായ ത്രികോണ മത്സരം. 2021ൽ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ യു.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കിയത് എസ്.എൽ. സജികുമാറിനെയാണ്. മണ്ഡലം നിലനിറുത്താനുള്ള പോരാട്ടത്തിലാണ് സിറ്റിംഗ് എം.എൽ.എ പി.സി. വിഷ്ണുനാഥ്. ഡോ. റോബിൻ രാധാകൃഷ്ണനെ ഇറക്കിയ എൻ.ഡി.എ മണ്ഡലത്തിൽ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്.

​കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4523 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ വിജയിച്ചത്. 2001ന് ശേഷം ആദ്യമായിട്ടാണ് മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നത്. കെ.എസ്.യു കാലം മുതൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായി വളർന്ന വിഷ്ണുനാഥിന്റെ വ്യക്തിപ്രഭാവവും സംഘടനാ മികവുമാണ് യു.ഡി.എഫിന്റെ പ്രധാന ആയുധം. എസ്.എൽ. സജികുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ തന്ത്രങ്ങളാണ് എൽ.ഡി.എഫ് മെനയുന്നത്.​ബി.ജെ.പിക്ക് വേരോട്ടമുള്ള മണ്ഡലത്തിൽ ഡോ. റോബിൻ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം യുവാക്കൾക്കിടയിൽ തരംഗമുണ്ടാക്കുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടുന്നത്.

ചർച്ചയായി വിവാദങ്ങളും


​തിരഞ്ഞെടുപ്പ് ചൂടിനൊപ്പം രാഷ്ട്രീയ വിവാദങ്ങളും മണ്ഡലത്തിൽ സജീവമാണ്. സി.പി.എം- ബി.ജെ.പി ഡീൽ ആരോപണം കുണ്ടറയിൽ യു.ഡി.എഫ് ഉയർത്തുന്നു. കോൺഗ്രസ്- ബി.ജെ.പി വോട്ട് കച്ചവടമുണ്ടെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. പൊലീസ് നടപടിക്കിടെ സ്ത്രീക്ക് പരിക്കേറ്റ സംഭവം ചർച്ചാ വിഷയാമാണ്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെച്ചൊല്ലി മുന്നണികൾ തമ്മിൽ വാക്പോര് മുറുകുകയാണ്.

സ്ഥാനാർത്ഥി ചിത്രം

 ​പി.സി. വിഷ്ണുനാഥ്


നിലവിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ മുൻ സെക്രട്ടറി. കഴിഞ്ഞ അഞ്ച് വർഷമായി കർണാടകയിലെ പാർട്ടിയുടെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ്. മൂന്നാം തവണയാണ് നിയമസഭയിലേക്ക് മത്സരിച്ചത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.സി.സി.യുടെ ഭാരവാഹിയും ഡി.സി.സി. അംഗവുമായിരുന്നു. 2006 ലാണ് ആദ്യമായി ചെങ്ങന്നൂരിൽ നിന്ന് മത്സരിക്കുന്നത്.

 ​എസ്. എൽ. സജികുമാർ

വിദ്യാ‌ർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായി. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി,. ഡി.വൈ.എഫ്.ഐ ഏരിയ കമ്മറ്റി സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. സി.പി.എം പെരിനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

 ഡോ.റോബിൻ രാധാകൃഷ്ണൻ

വർക്കല പാളയംകുന്ന് കോവൂർ കൃഷ്ണാലയം ന്യൂ വില്ലയിൽ രാധാകൃഷ്ണന്റെയും ബീനയുടെയും മകനാണ് റോബിൻ. തമിഴ്‌നാട് ചിദംബരം മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022ൽ ബിഗ് ബോസ് മലയാളം സീസൺ 4ൽ പങ്കെടുത്തതോടെ വലിയ ജനപ്രീതി നേടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.