ചവറ: വർഗ്ഗീയതയും ജാതിഭേദവും മത വിദ്വേഷവും ഇല്ലാതെ സോദരത്വേന വാഴുന്ന കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചവറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.സുജിത്ത് വിജയൻപിള്ളയുടെ തിരഞ്ഞടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹായത്തിനായി എത്ര തവണ പ്രധാനമന്ത്രിയെ കണ്ടു. എന്തെങ്കിലും സഹായം നൽകിയോ? കേരളം രക്ഷപ്പെടരുത്, കേരളം തകരണം. ഈ ചിന്തയല്ലേ അവർക്ക്? എല്ലാ യോഗ്യതയും ഉണ്ടായിട്ടും സഹായിച്ചില്ല. അവിടെയാണ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയം. പ്രളയവും കാലവർഷക്കെടുതിയും കൊവിഡ് മഹാമാരിയും ഓഖി, നിപ്പ ദുരന്തമുഖങ്ങളിലും സഹായിച്ചില്ല. ഈ ദുരനുഭവം രാജ്യത്തെ ഒരു സംസ്ഥാനത്തിനും ഉണ്ടായിട്ടില്ല. മുണ്ടക്കൈ, ചൂരൽമല ദുരന്തം ഉണ്ടായപ്പോൾ പോലും സഹായിക്കാതിരുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
പാർലമെന്റിലെ യു.ഡി.എഫ് എം.പിമാർ മിണ്ടുന്നില്ല. യു.ഡി.എഫും എൻ.ഡി.എയുമാണ് യഥാർത്ഥ ചങ്ങാതിമാർ. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന സ്ഥാനമാണ് കേരളത്തിനുള്ളത്. എൽ ഡി എഫ് അധികാരത്തിലുള്ളതു കൊണ്ടാണ് അത് നേടിയതെന്ന് ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. പുത്തലത്ത് ദിനേശൻ, കെ.വരദരാജൻ, എസ്. സുദേവൻ, ആർ ലതാദേവി, രാജമ്മ ഭാസ്കരൻ, ജി.മുരളീധരൻ, ഷാജി പള്ളിപ്പാടൻ, എന്നിവർ സംസാരിച്ചു. ആർ.രവീന്ദ്രൻ സ്വാഗതവും അനിൽ പുത്തേഴം നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |