
ഹൈദരാബാദ്: മാമ്പഴക്കാലം എത്തിയതോടെ വിപണിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് മാമ്പഴം പഴുപ്പിക്കുന്ന സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. ഹൈദരാബാദിലെ ഗോഷാമഹലിൽ നടത്തിയ റെയ്ഡിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 200 കിലോ മാമ്പഴമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 32 കാരനായ കുനാൽ നോക്കട്‌വാല എന്ന വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൂഡി ബസാറിലെ ബാല്കിഷൻ മന്ദിറിന് സമീപം ഏപ്രിൽ മൂന്നിനായിരുന്നു പൊലീസിന്റെ റെയ്ഡ് നടന്നത്. മാമ്പഴം പഴുപ്പിക്കാൻ 'ഡയമണ്ട് റൈപ്പ്' എന്ന എഥിലിൻ റൈപ്പനർ രാസവസ്തു അമിതമായി ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് 20 കിലോ മാമ്പഴത്തിന് പരമാവധി അഞ്ച് സാഷെ എഥിലിൻ മാത്രമേ ഉപയോഗിക്കാവൂ. ലാഭമുണ്ടാക്കാൻ വേണ്ടി പ്രതി 20 കിലോയുടെ ഓരോ ട്രേയിലും ആറ് സാഷെ വീതമാണ് ഉപയോഗിച്ചിരുന്നത്. റെയ്ഡിൽ നാല് പാക്കറ്റ് രാസവസ്തുക്കളും 25 ലൂസ് സാഷെകളും പിടിച്ചെടുത്തിട്ടുണ്ട്. ഭക്ഷണത്തിൽ മായം ചേർക്കൽ, വഞ്ചന, പൊതുജനാരോഗ്യം അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാമ്പഴം വാങ്ങുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. കാണുമ്പോൾ നല്ല മഞ്ഞനിറത്തിൽ ഭംഗിയുണ്ടെന്ന് കരുതി മാത്രം ആരും മാമ്പഴം വാങ്ങരുത്. രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന പഴങ്ങൾ പുറമെ നല്ലതാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പൊലീസ് അറിയിച്ചു.
സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന്റെ തൊലിയിൽ പലയിടങ്ങളിലായി നിറവ്യത്യാസമുണ്ടാകും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവ ഒരേപോലെ മഞ്ഞനിറത്തിൽ തിളങ്ങി നിൽക്കും. കൂടാതെ ഇവയ്ക്ക് രൂക്ഷമായ ഗന്ധമുണ്ടാകാനും സാദ്ധ്യതയുണ്ട്. ഇത്തരം മാമ്പഴങ്ങൾ തൊണ്ടവേദന, മനംപുരട്ടൽ, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. ഏറെനാൾ കഴിച്ചാൽ ഇത് നാഡീവ്യൂഹത്തെയും ശ്വസനത്തെയും ബാധിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ രീതിയിൽ പഴങ്ങൾ സംഭരിക്കുകയോ രാസപ്രയോഗം നടത്തുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |