
ലക്ഷ്യം തിരുവനന്തപുരവും
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിയിൽ മത്സരിക്കുന്ന കോൺഗ്രസ് 27 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി. പ്രവീണാണ് കന്യാകുമാരി ജില്ലയിലെ വിളവംകോട് മണ്ഡലത്തിലെ സ്ഥാനാർത്ഥി. സി.എസ്.ഐ സഭയുടെ പ്രധാനപ്പെട്ട ഒരാളെ കന്യാകുമാരിയിൽ മത്സരിപ്പിക്കുന്നത് തിരുവനന്തപുരത്ത് കൂടി വലിയ മന്നേറ്റം ലക്ഷ്യമിട്ടാണ്.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റണ് വിളവങ്കോട്. മൂന്നുതവണ തിരുവനന്തപുരം എം.പിയായിരുന്ന എ.ചാൾസിന് ശേഷം ആദ്യമായിട്ടാണ് സി.എസ്.ഐ മഹായിടവക സെക്രട്ടറിക്ക് കോൺഗ്രസ് സീറ്റ് നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ യു.ഡി.എഫിന് സി.എസ്.ഐ സഭയുടെ പരസ്യ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അങ്ങനെയായാൽ നാടാർ ക്രിസ്ത്യൻ വിഭാഗം നിർണായക ശക്തിയായ നെയ്യാറ്റിൻകര, പാറശാല, കാട്ടാക്കട, അരുവിക്കര, കോവളം മണ്ഡലങ്ങളിൽ കൂടുതൽ കരുത്താകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ എൽ.ഡി.എഫിന് സി.എസ്.ഐയുടെ പിന്തുണ ലഭിച്ചിരുന്നു. പ്രവീണിന്റെ സീറ്റ് തമിഴ്നാട്ടിലാണെങ്കിലും അതിന്റെ പ്രതിഫലനം കേരളത്തിലായിരിക്കും. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുൻ എം.എൽ.എ വിജയധരണിയാണ് പ്രവീണിന്റെ പ്രധാന എതിരാളി.
പി.സി.സി പ്രസിഡന്റ്
ശ്രീപെരുമ്പത്തൂരിൽ
28 മണ്ഡലങ്ങളിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുക. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സെൽവ പെരുന്തഗൈ ശ്രീപെരുമ്പത്തൂരിൽ മത്സരിക്കും. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ട സ്ഥലമാണ് ശ്രീപെരുമ്പത്തൂർ. കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് എസ്. രാജേഷ്‌കുമാർ കിള്ളിയൂരിൽ മത്സരിക്കും. മലയാളിയും മുൻ എം.പിയുമായ എ. ചെല്ല കുമാർ കൃഷ്ണഗിരിയിൽ മത്സരിക്കും. ചതുഷ്‌കോണ മത്സരം പ്രതീക്ഷിക്കുന്ന കാരൈക്കുടി മണ്ഡലം എസ്. മാങ്കുടി നിലനിറുത്തി. നാം തമിഴർ പാർട്ടി (എൻ.ടി.കെ) തലവൻ സീമാൻ, അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ (എ.എം.എം.കെ) തെർബോക്കി പാണ്ഡ്യൻ, തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) പ്രഭു എന്നിവരും മത്സരരംഗത്തുണ്ട്. ചില മുതിർന്ന നേതാക്കളുടെ കടുത്ത എതിർപ്പ് അവഗണിച്ച് മുൻ പട്ടാളി മക്കൾ കച്ചി (പിഎംകെ) നേതാവ് ജി.കെ. മണിയുടെ മകൻ ജി.കെ.എം. തമിഴ് കുമാരന് പെന്നഗാരം സീറ്റ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |