കൊച്ചി: യുവാവിനെ മദ്യപിക്കാൻ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് പണം കവർന്നു. ആക്രമണത്തിൽ വാരിയെല്ല് പൊട്ടി ഗുരുതരമായി പരുക്കേറ്റ യുവാവ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പെരുമ്പാവൂർ വെങ്ങോല ആലപ്ര സ്വദേശി കെ.വി. സന്ദീപാണ് (43) കവർച്ചയ്ക്ക് ഇരയായത്. പാടിവട്ടം കവിത സൈക്കിൾസിന് സമീപത്തെ അപ്പാർട്ട്മെന്റിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ഇവിടെ താമസിക്കുന്ന മനു എന്നയാളും സംഘവുമാണ് സൗഹൃദത്തിന്റെ പേരിൽ മദ്യപിക്കാൻ വിളിച്ചുവരുത്തിയത്. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം വൈകിട്ട് 6ന് തിരിച്ചു പോകാനിറങ്ങിയ സന്ദീപിനെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെ മനുവിന്റെ നേതൃത്വത്തിൽ നാലംഗ സംഘം വയറ്റിൽ ചവിട്ടി താഴെയിട്ട ശേഷം മൊബൈൽ കവർന്നു. മൊബൈലിലെ ഗൂഗിൾ പേ ഉപയോഗിച്ച് സുൽഫിത്തർ എന്നയാൾക്ക് 24,757 രൂപ അയച്ചുകൊടുത്തു. തുടർന്ന് കൈവശമുണ്ടായിരുന്ന പേഴ്സിലെ 13000 രൂപ കൈക്കലാക്കി. മൊത്തം 37,757 രൂപയാണ് കവർന്നത്.
പ്രതികളും പരാതിക്കാരനും മുമ്പ് മദ്യവിമുക്തി കേന്ദ്രത്തിൽ ഒരുമിച്ച് കഴിഞ്ഞവരാണ്. പാലാരിവട്ടം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് മൊഴിയെടുത്തത്. കൂട്ടംചേർന്ന് കവർച്ചയ്ക്കും മാരകമായി പരിക്കേൽപ്പിച്ചതിനുമാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |