തൊടുപുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ പരാമർശവുമായി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു.സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നിർദ്ദേശം നൽകിയെന്നാണ് സി.പി. മാത്യു പറഞ്ഞത്. ഇടുക്കി മണ്ഡലത്തിൽ സ്ഥാനാർത്ഥി റോയി കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവേയായിരുന്നു മാത്യുവിന്റെ വിവാദപരാമർശം. ആദിവാസി വിഭാഗത്തിലെ വനിതാ നേതാവിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടതായാണ് വെളിപ്പെടുത്തൽ. മുൻ വൈസ് പ്രസിഡന്റ് രാജേശ്വരിയെയാണ് അക്രമത്തിന് നേതൃത്വം നൽകാൻ നിയോഗിച്ചതെന്നും മാത്യു പറയുന്നു. കാപ്പിപ്പത്തലുമായി 50ഓളം ചെറുപ്പക്കാരെ രാജേശ്വരിക്കൊപ്പം അണിനിരത്തി. രാജേശ്വരിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് ഫ്ളക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. എൽ.ഡി.എഫുകാർ വന്നാൽ സ്വന്തം ബ്ലൗസ് വലിച്ചു കീറാൻ രാജേശ്വരിയോട് പറഞ്ഞിരുന്നു. രാജേശ്വരി ആദിവാസിവിഭാഗത്തിലുള്ള വനിതയായതിനാൽ വകുപ്പ് വേറെയാകുമെന്നറിയാമെന്നും മാത്യുപറഞ്ഞു. വേദിയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. വിവാദ പരാമർശങ്ങൾ കേട്ട് വേദിയിലുള്ള ചിലർ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |