
കണ്ണൂർ: കഴിഞ്ഞ പത്ത് വർഷത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 97 ശതമാനവും എൽഡിഎഫ് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷം കൊണ്ട് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും വാർത്താസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.
'എൽഡിഎഫിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് അവതരിപ്പിക്കുന്നത്. 900 വാഗ്ദാനത്തിൽ 97 ശതമാനം കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ബാക്കിയുള്ളത് പൂർത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ സ്വപ്‌നമാണ് ഭൂമിയും വീടും. ഇത് യാഥാർത്ഥ്യമാക്കാനാണ് ലൈഫ് പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായിക്കഴിഞ്ഞു. ഒരു കുടുംബത്തിൽ നാലുപേരുണ്ടെങ്കിൽ 20 ലക്ഷം പേർക്ക് സുരക്ഷിതമായ ഭവനം ഉറപ്പുവരുത്താൻ കഴിഞ്ഞു.
ഇതിന് പുറമേ മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയിട്ടുണ്ട്. 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. ഉദ്യോഗസ്ഥർ എസ്‌ഐആർ ഡ്യൂട്ടിയിൽ ആയിരുന്നില്ലെങ്കിൽ ഈ കണക്ക് അഞ്ച് ലക്ഷം കവിയുമായിരുന്നു.
64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു. ലോകത്ത് തന്നെ അപൂർവം രാഷ്‌ട്രങ്ങളേ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനവും അതിദാരിദ്ര്യ മുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. 16 ലക്ഷം വീട്ടമ്മമാർക്ക് മാസം 1000 രൂപ നൽകിവരുന്നുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ - സ്‌മാർട്ടിലൂടെ ജനങ്ങൾക്ക് സേവനങ്ങൾ അതിവേഗം ലഭ്യമാകാൻ തുടങ്ങി.
പിഎസ്‌സി വഴിയുള്ള ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന സംസ്ഥാനം കേരളമാണ്. 3,13,202 നിയമനങ്ങളാണ് നടന്നത്. അപേക്ഷിക്കാനുള്ള പ്രായപരിധി വദ്ധിപ്പിച്ച് കൂടുതൽപേർക്ക് അവസരം നൽകി. കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. കണക്‌ട് ടു വർക്ക് പദ്ധതി പ്രകാരം, 75,376 യുവാക്കൾക്ക് ധനസഹായം നൽകാനായി. ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. നാടിന്റെ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കി. റോഡുകൾ ഭംഗിയായി ചെയ്‌തു. മഴ പെയ്‌താൽ വയനാട് ചുരം വഴിയുള്ള യാത്ര തടസപ്പെടും. അതിനാലാണ് ഇപ്പോൾ തുരങ്കപാത പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്' - പിണറായി വിജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |