
തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത എൻ.ഡി.എ തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന വാർത്ത നിഷേധിച്ച് വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തതു മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പ്രതികരിച്ചു. വാർത്ത ലജ്ജാകരമാണെന്ന് ശ്രീലേഖ പറഞ്ഞു. സഹോദര തുല്യനായ കെ. സോമനോട് സംസാരിച്ചത് വ്യക്തിപരമാണ്. അത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്താൻ താത്പര്യമില്ല. വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയാണ്. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയുമെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രി നടത്തിയ കൂടിക്കാഴ്ചയായിരുന്നു പരിപാടി. ആർ. ശ്രീലേഖയ്ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ഉദ്ഘാടനത്തിന് ശേഷം പ്രസംഗിക്കുന്നതിനിടെ രാജീവ് ചന്ദ്രശേഖറിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ശ്രീലേഖയുടെ പേരോ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ പേരോ ജയശങ്കർ പരാമർശിച്ചില്ല. ഇതോടെ ശ്രീലേഖ വേദി വിടുകയായിരുന്നു. ഒടുവിൽ നേതാക്കൾ അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ എത്തിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |