
കൊച്ചി: ജോലി തേടി ഷാർജയിലെത്തി ഒരാഴ്ചയ്ക്കിടെ ഹൃദയാഘാതംമൂലം മരിച്ച വരാപ്പുഴ മണ്ണംതുരുത്ത് കൂലിശ്വപറമ്പ് വീട്ടിൽ കെ.കെ.ഷെമീറിന്റെ ഭാര്യ സുമയ്യയുടെ (31) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ ഒരു മാസമായി ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ഇടപെടലാണ് സുമയ്യയുടെ കുടുംബത്തിന് തുണയായത്.
നിർദ്ധന കുടുംബത്തെ കരകയറ്റാൻ ജോലിതേടി മാർച്ച് ഒന്നിനാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെവിട്ട് സുമയ്യ വിസിറ്റിംഗ് വിസയിൽ ഷാർജയിലേക്ക് പോയത്. ന്യുമോണിയ മൂർച്ഛിച്ച് ചികിത്സയിലായിരുന്ന സുമയ്യ മാർച്ച് ഏഴിന് ഹൃദയാഘാതംമൂലം മരിച്ചു. ജോലി അന്വേഷിക്കുന്നതിനിടെയാണ് പനിബാധിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും വിസിറ്റിംഗ് വിസ ആയതിനാൽ ഏജൻസി കൈമലർത്തി.
എംബസിയിലെ ഇടപെടലുകൾ വൈകിയതോടെ അനിശ്ചിതത്വം നീണ്ടു. കെട്ടിടനിർമ്മാണ തൊഴിലാളിയായ ഷെമീറും കുടുംബവും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ നേരിൽകണ്ട് ദുരിതം പങ്കുവച്ചു. ഉടൻ ഇടപെട്ട സതീശൻ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശേരിയുമായി ബന്ധപ്പെട്ടു. നിയമനടപടികളെല്ലാം പൂർത്തിയാക്കിയ സലാം പ്രതിപക്ഷനേതാവിന്റെ നിർദ്ദേശപ്രകാരം 1.50 ലക്ഷംരൂപ കെട്ടിവച്ച് മൃതദേഹം എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് അയയ്ക്കാൻ ഏർപ്പാടാക്കി.
കൊച്ചി വിമാനത്താവളത്തിൽനിന്ന് മൃതദേഹം ഇന്നുരാവിലെ ആറോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. പ്രാർത്ഥനകൾക്കുശേഷം സുമയ്യയുടെ നാടായ മട്ടാഞ്ചരി മുഹിയുദ്ദീൻ മസ്ജിദിൽ കബറടക്കും.
മൃതദേഹം നാട്ടിലെത്തിക്കാൻ പലരുടെയും സഹായം തേടിയിരുന്നു. ഒടുവിലാണ് പ്രതിപക്ഷനേതാവിനെ കണ്ടതെന്ന് ഷെമീർ പറഞ്ഞു. പരേതനായ ജലീൽ ഹംസയാണ് സുമയ്യയുടെ പിതാവ്. മാതാവ് സൈനബബീവി. മക്കൾ: മുനവീർ സാദിൽ (10), ആദിൽ ഇബ്രാഹിം (8), സുഹ മറിയം (5).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |