
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽ നിന്ന് യുവാക്കളെ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കി പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികളിലൊരാൾ കോടതിയിൽ കീഴടങ്ങി. യുവാക്കൾക്ക് നേരെ തോക്ക് ചൂണ്ടുകയും പാത്തി കൊണ്ട് അടിക്കുകയും ചെയ്ത പള്ളുരുത്തി സ്വദേശി അബു താഹിറാണ് (28) കൊച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കീഴടങ്ങിയത്. 14 ദിവസത്തേക്ക് ജുഡിഷ്യൽ റിമാൻഡിൽ വിട്ട പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഹാർബർ പൊലീസ് കോടതിയെ സമീപിക്കും.
നിരവധി കേസുകളിൽ പ്രതിയായ അബു താഹിർ ഗുണ്ടാ സംഘങ്ങൾക്കിടെ അംബു എന്നാണ് അറിയപ്പെടുന്നത്. രണ്ടു മാസത്തെ ഒളിവാസത്തിന് ശേഷം ഇന്നലെ അതീവ രഹസ്യമായാണ് കോടതിയിലെത്തിയത്. തട്ടിക്കൊണ്ടു പോകലിനും കവർച്ചയ്ക്കും നേതൃത്വം നൽകിയ വാത്തുരുത്തി സ്വദേശി ഡെൽബിൻ ദേവസിയുൾപ്പെടെ 10 പ്രതികൾ ഇതിനകം പിടിയിലായി. ഡെൽബിനൊപ്പം മുഖ്യ പങ്കു വഹിച്ച ദിലീഷ്, ക്രിസ്റ്റൽ ജോർജ് തുടങ്ങിയവർ പിടിയിലാകാനുണ്ട്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് അബു താഹിറിനെ തിരിച്ചറിഞ്ഞത്. ഇയാൾ തോക്കും ചൂണ്ടി നിൽക്കുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു.
വാഹന ഇടപാടുകാരൻ ഇടുക്കി സ്വദേശി ആഷിഖിനെയും സുഹൃത്ത് റിയാസിനെയുമാണ് ഫെബ്രുവരി 12ന് രാത്രി വില്ലിംഗ്ടൺ ഐലൻഡിലെ നടപ്പാതയിലേക്ക് വിളിച്ചു വരുത്തി വാഹനങ്ങൾ സഹിതം തട്ടിക്കൊണ്ടുപോയത്. കാറിലും പൂത്തോട്ടയിലെ ആളൊഴിഞ്ഞ വീട്ടിലും ക്രൂരമായി മർദ്ദിച്ച് ഒന്നര ലക്ഷം രൂപയും കാറും കൈക്കലാക്കി 14ന് വഴിയരികിൽ തള്ളി. പശ്ചിമകൊച്ചിയും വാത്തുരുത്തിയും കേന്ദ്രീകരിച്ച 20 ഓളം പേർ വരുന്ന ക്രിമിനൽ, ഗുണ്ടാ സംഘമാണ് ഇതിന് പിന്നിൽ.. എറണാകുളം എ.സി.പി കെ.ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |