
ന്യൂഡൽഹി: ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഏപ്രിൽ പത്ത് മുതൽ ദേശീയപാതകളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളിൽ പണം സ്വീകരിക്കില്ല. ഫാസ്ടാഗ് സംവിധാനം കൂടുതൽ സ്വീകാര്യമാക്കുന്നതിന് വേണ്ടിയാണ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഫാസ്ടാഗ് ഇല്ലാതെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) വഴി പണമടയ്ക്കുന്നവർ ടോൾ ഫീസിന്റെ 1.25 മടങ്ങ് അടയ്‌ക്കേണ്ടിവരും. തുടക്കത്തിൽ പണമായി ടോൾ അടയ്ക്കുന്നവർ ഇരട്ടിത്തുക അടയ്‌ക്കേണ്ടിവന്നിരുന്നു.
ടോൾ പ്ലാസയിലെ വാഹനങ്ങളുടെ നീണ്ട നിര കുറയ്ക്കുന്നതിനും ദേശീയപാതകളിലെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയുമാണ് ഈ നീക്കമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിർദ്ദേശിച്ച രീതിയിൽ ടോൾ നൽകാത്ത വാഹനങ്ങളെ ഹൈവേയിൽ നിന്ന് നീക്കം ചെയ്യാനോ പ്രവേശനം നിഷേധിക്കാനോ അധികൃതർക്ക് അധികാരമുണ്ടാകും.
ഫാസ്ടാഗ് എന്നത് വാഹനങ്ങളുടെ വിൻഡ്ഷീൽഡുകളുടെ മുൻവശത്ത് ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടാഗാണ്. ഈ ഫാസ്റ്റ് ഒട്ടിച്ച വാഹനങ്ങൾക്ക് ടോൾ പ്ലാസയിലൂടെ നിർത്താതെ വാഹനമോടിച്ച് യാത്ര ചെയ്യാം. ടാഗിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ആവശ്യമായ തുക സ്വയമേവ കുറയ്ക്കപ്പെടും.
പ്രതിവർഷം 3075 രൂപ ഫീസായി നൽകിയാൽ, ഇന്ത്യയിലെ ദേശീയ പാതകളിലുടനീളമുള്ള 200 ടോൾ ക്രോസിംഗുകൾക്ക് ഉപയോക്താക്കൾക്ക് ഫാസ്ടാഗ് വാർഷിക പാസ് ലഭിക്കും. നേരത്തെ ഇത് 3000 രൂപയായിരുന്നു. ഓഗസ്റ്റ് 15ന് ആണ് ഈ പദ്ധതി ആരംഭിച്ചത്. ഇതുവരെ നടന്ന 26.55 കോടി ഇടപാടുകളാണ് ഇതുവഴി നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |