
തിരുവനന്തപുരം:മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം കിളിമാനൂർ കായാട്ടുകോണം വൃന്ദാവനം വീട്ടിൽ ജയി ജയകുമാറിന്റെ (35) ഹൃദയം ഇനി അമാനയിൽ (14) മിടിക്കും. മലപ്പുറം മൂക്കുതല സ്വദേശിനി അമാന നിലവിൽ
എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്.
ഈമാസം എട്ടിനാണ് ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ജയിയുടെ ഹൃദയം കൂടാതെ രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയും ദാനം ചെയ്തതു.
ഇന്നലെ ഉച്ചക്ക് 1.47ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹൃദയം വഹിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഉയർന്നത്. 2.42ന് ഹെലികോപ്റ്റർ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ലാൻഡ് ചെയ്തു.ശേഷം റോഡ് മാർഗം ലിസി ആശുപത്രിയിലെത്തിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകിട്ട് 4.05ന് പുറപ്പെട്ട വന്ദേഭാരത് എക്സ്‌പ്രസിലാണ് ഒരു വൃക്ക കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. രാത്രി 9.30 ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വൃക്ക, ഉടൻ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെത്തിച്ച് രോഗിയിൽ വെച്ചുപിടിപ്പിച്ചു.
മറ്റൊരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഒഫ്ത്താൽ മോളോജിയിലെയും രോഗികൾക്കുമാണ് നൽകിയത്.ഏഴ് വയസുള്ള പൃഥ്വിഷാണ് ജയിയുടെ മകൻ. അച്ഛൻ: ജയകുമാർ, അമ്മ: അംബിക ജയകുമാർ. സഹോദരി : ജയു. കെസോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റം ഏകോപിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |