
ദുരൂഹ മരണം, അന്വേഷണം വേണമെന്ന് ബന്ധുക്കൾ
ഇന്ന് നാട്ടിലെത്തിക്കും
പാലക്കാട്: നാല് ദിവസത്തെ തെരച്ചിലും കുടുംബത്തിന്റെ പ്രാർത്ഥനയും നാടിന്റെ കാത്തിരിപ്പും വിഫലം. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി. കടമ്പഴിപ്പുറം സ്വദേശികളായ രമേശ് - രോഹിണി ദമ്പതികളുടെ മകളാണ്. എസ്.എസ്.എൽ.സി പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുകയായിരുന്നു. സഹോദരൻ പോളിടെക്നിക് വിദ്യാർത്ഥി സച്ചു.
ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും വനംവകുപ്പ് ജീവനക്കാരും ദുരന്തനിവാരണ സേനയും അടക്കം നാനൂറോളം വരുന്ന സംഘം ഡ്രോൺ തെർമൽ കാമറകളുടെ സമാഹയത്തോടെ നടത്തിയ തെരച്ചിലിലാണ് ഇന്നലെ പകൽ 12ന് മൃതദേഹം കണ്ടെത്തിയത്. താഴ്വാരത്തെ ഗ്രാമം വഴി മലയിടുക്കിൽ കയറി മൃതദേഹം താഴേക്ക് ഇറക്കിയാണ് പുറംലോകത്ത്എത്തിച്ചത്.
മൃതദേഹം ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഇന്നലെ രാത്രിതന്നെ നാട്ടിലേക്ക് തിരിച്ചു. ഇന്ന് രാവിലെ വീട്ടിലെത്തിക്കും.
ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ച പശ്ചാത്തലത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന തുടരുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിദ്ധ്യത്തിലും പരിശോധന നടത്തി. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാദ്ധ്യതയും തള്ളില്ലെന്നും ചിക്കമഗളൂരു എസ്.പി ജിതേന്ദ്ര ദയമ വ്യക്തമാക്കി. എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് ഇതുവരെ സൂചനയില്ല.
ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതാകുന്നത്. 5.20വരെ മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. വെള്ളച്ചാട്ടം കണ്ട് സെൽഫിയെടുത്ത ശേഷം അച്ഛനും അമ്മയും മറ്റ് കുടുംബാംഗങ്ങളും മലമുകളിൽ പാർക്ക് ചെയ്ത വാഹനത്തിനടുത്തേക്ക് നീങ്ങി. ശ്രീനന്ദ മറ്റ് രണ്ട് കുട്ടികൾക്കൊപ്പം വെള്ളച്ചാട്ടത്തിന് സമീപത്ത് നിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ ഐസ്ക്രീം വാങ്ങാനായി പോയപ്പോഴാണ് ശ്രീനന്ദ കൂടെയില്ലെന്ന് മനസിലായത്. 15 മിനിറ്റിന് ശേഷം സംഘം തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. രാത്രിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കുചേർന്നു.
അമ്പല കമ്മിറ്റിയുടെ വിനോദയാത്ര വിലാപയാത്രയായി
കടമ്പഴിപ്പുറത്തെ പുന്നാം പറമ്പ് ഭഗവതി ക്ഷേത്രത്തിലെ കിഴക്കൻ പൂരവുമായി ബന്ധപ്പെട്ട അമ്പലക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലിന് 5 മണിയോടെയാണ് ശ്രീനന്ദയും മറ്റു 39 പേരും കർണാടകയിലേക്ക് യാത്രതിരിച്ചത്. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഹമ്പി ചുറ്റിക്കണ്ട് 7ന് ചിക്കമഗളൂർ കണ്ടു തിരികെ വരാനായിരുന്നു തീരുമാനം. 7ന് ഉച്ചയോടെയാണ് ബാബ ബുദൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിനടുത്തെത്തിയത്. വെള്ളച്ചാട്ടത്തിനടുത്തു നിന്ന് എല്ലാവരും ചേർന്ന് ഫോട്ടോയെടുത്തു. തുടർന്ന് ബസിനടുത്തേക്ക് നടന്നു. കൂട്ടുകാരോടൊപ്പം താഴെ നിൽക്കുകയായിരുന്നു ശ്രീനന്ദ. അവൾ പുറകെ വരുമെന്ന് കരുതി. പിന്നീടാണ് ശ്രീനന്ദയെ കാണാതായത്.
മൃതദേഹത്തിന് നാല്
ദിനത്തിന്റെ പഴക്കമില്ല
1 ശ്രീനന്ദയെ കാണാതായി മണിക്കൂറുകൾക്കകം തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലങ്ങളിലടക്കം പൊലീസ് പരിശോധിച്ചിരുന്നുവെന്ന് വല്യച്ഛൻ ശശിധരൻ പ്രതികരിച്ചു. അന്ന് കണ്ടെത്താൻ കഴിയാത്ത മൃതദേഹം ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്
2 നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ല. വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലം മറുവശത്താണ്. ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ല.
ആയിരങ്ങൾ വരുന്ന വിനോദസഞ്ചാര കേന്ദ്രത്തിൽ ഒരാൾ കാലുവഴുതി വീണാൽ ശ്രദ്ധയിൽപ്പെടാതിരിക്കുമോ?
3 പൊലീസ് നായ മണംപിടിച്ച് ചെന്നത് സമീപത്തെ കടയുടെ അടുത്തേക്കാണ്. ഈ കടയുടമയെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും പ്രദേശവാസികളോട് കാര്യമന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ധാരാളം യാചകർ ഉള്ള സ്ഥലമാണ്. സി.സി ടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് അവിടെയുള്ളവർ പറഞ്ഞത്
ആ 15 മിനിട്ടിൽ എന്തുനടന്നു?
തട്ടിക്കൊണ്ടു പോയതെന്ന് അമ്മ
ശ്രീനന്ദ അബദ്ധത്തിൽ മലയിടുക്കിലേക്ക് വീഴാനുള്ള സാദ്ധ്യത തള്ളിക്കളഞ്ഞ് അമ്മ രോഹിണി. '' ആരെങ്കിലും കിഡ്നാപ്പ് ചെയ്തിട്ടുണ്ടാകും. ഡ്രഗ്സ് കൊടുത്ത് മയക്കികൊണ്ടുപോയിട്ടുണ്ടാകും- അമ്മ തറപ്പിച്ചു പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ കുട്ടി പിറകിൽ നിൽക്കുന്നുണ്ട്. 5.35ന് എടുത്ത് ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ദുരൂഹമാണ്.
കുട്ടിയെ അവസാനമായി കണ്ട സ്ഥലത്തിന് എതിർവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ ഭാഗത്ത് ശ്രീനന്ദ വീഴാൻ ഒരു സാദ്ധ്യതയുമില്ല. കുട്ടിയെ അപായപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാമെന്ന് ബന്ധുക്കൾ പറയുന്നു. പ്രദേശത്ത് നിരവധി ഭിക്ഷക്കാരും തെരുവിൽ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. മരണ കാരണം സംബന്ധിച്ച വിശദവിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ലഭ്യമാകൂ. ചൊവ്വാഴ്ച 6ന് മുമ്പായി ഒമ്പതോളം വാഹനങ്ങൾ പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തേക്ക് പോയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിച്ച് ആരൊക്കെയാണ് എന്ന് അന്വേഷിച്ചു വരികയാണ്.
ബാബ ബുദൻഗിരി
കർണാടക ചിക്കമഗളൂരു ജില്ലയിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് ബാബ ബുദൻഗിരി (ചന്ദ്രദ്റോണ പർവതം). 1895 മീറ്റർ ഉയരമുള്ള കൊടുമുടി ട്രെക്കിംഗിന് പ്രശസ്തം
സൂഫി സന്യാസിയായ ബാബ ബുദൻ എ.ഡി 1670ൽ യെമനിൽ നിന്ന് ഏഴ് കാപ്പിക്കുരുക്കൾ കൊണ്ടുവന്ന് ഇവിടെ നട്ടെന്നാണ് വിശ്വാസം. ഇന്ത്യയിൽ കാപ്പി കൃഷിക്ക് തുടക്കമിടുകയായിരുന്നു ബാബ
ബാബ ബുദന്റെ ദർഗയ്ക്കൊപ്പം, ഹിന്ദു ദൈവമായ ദത്തത്രേയന്റെ ഗുഹയും ഇവിടെയുണ്ട്. ഇത് 'ഇനാം ദത്തത്രേയ ബാബാ ബുദൻഗിരി ദർഗ' എന്നറിയപ്പെടുന്നു
ഇതിനടുത്തുള്ള മാണിക്യധാര വെള്ളച്ചാട്ടം മനോഹരമാണ്. 30 അടി ഉയരമുള്ള വെള്ളച്ചാട്ടം കാണാനും ദർഗയിലും ഗുഹയിലും ആരാധനയ്ക്കുമായി ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |