
വരുന്ന ബുധനാഴ്ചയാണ് വിഷു. കണിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. കണിയൊരുക്കുന്നതിനുമുമ്പ് എങ്ങനെ ദോഷങ്ങൾ വന്നുഭവിക്കാതെ കണിയൊരുക്കാം എന്നറിയണം. ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദോഷം വിടാതെ പിന്തുടരും എന്നും അറിയുക. എങ്ങനെയാണ് ശരിയായ രീതിയിൽ വിഷുക്കണി ഒരുക്കേണ്ടതെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.
തേച്ചുവൃത്തിയാക്കിയ നിലവിളക്കും ഓട്ടുരുളിയും മാത്രമേ കണിവയ്ക്കാനായി ഉപയോഗിക്കാവൂ. കൃഷ്ണവിഗ്രഹത്തിന് മുന്നിൽവേണം കണിവയ്ക്കാൻ.
പ്രപഞ്ച പ്രതീകമാണ് ഓട്ടുരുളി.കണി കണ്ടു തൊഴുതശേഷം ഓട്ടുരുളിയുടെ വക്കുപിടിച്ച് കണി പൂർണമായും കാണണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഓട്ടുരുളി നൽകുന്ന ഊർജം ശരീരത്തിലേക്ക് പ്രവഹിക്കും എന്നാണ് വിശ്വാസം. ഉരുളിയിൽ ഉണക്കലരിയും നെല്ലും ചേർത്ത് പകുതിയോളം നിറയ്ക്കണം. ഇതിനുമുകളിൽവേണം നാളികേരമുറികൾ വയ്ക്കേണ്ടത്. തുടർന്ന് വയ്ക്കേണ്ടത് കണിവെള്ളരിയാണ്. സ്വർണത്തിന്റെ നിറത്തിലുള്ള യഥാർത്ഥ കണിവെള്ളരിതന്നെ ഇതിനായി ഉപയോഗിക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയും വയ്ക്കാം. ചിലർ ആപ്പിൾ, ഓറഞ്ച് തുടങ്ങിയ ഫലവർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് നിർബന്ധമില്ല. എന്നാൽ ചക്കയും മാങ്ങയും കദളിപ്പഴവും കണിയിൽ നിന്ന് ഒഴിവാക്കരുത്. ചക്ക ഗണപതിയുടെയും മാങ്ങ സുബ്രഹ്മണ്യന്റെയും കദളിപ്പഴം ഉണ്ണിക്കണ്ണന്റെയും പ്രിയ വിഭവങ്ങളാണ്. അതുകൊണ്ടാണ് ഇവ ഒഴിവാക്കരുതെന്ന് പറയുന്നത്.
ഉരുളിയിൽ ഇവയെല്ലാം നിറച്ചാൽ വാൽക്കണാടി വയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാൽക്കണ്ണാടിക്കുള്ളത്. കണികാണുന്നതിനൊപ്പം സ്വന്തം മുഖംകൂടി കാണുക എന്ന സങ്കല്പവും ഇതിനുപിന്നിലുണ്ട്. ഇതെല്ലാം വയ്ക്കുമ്പോൾ ഉരുളി നിറഞ്ഞിരിക്കും. ശേഷിക്കുന്നവ മറ്റൊരു താലത്തിൽവേണം വയ്ക്കാൻ. കോടിമുണ്ട്, ഗ്രന്ഥം, സ്വർണം, നാണയത്തുട്ടുകൾ, കുങ്കുമച്ചെപ്പ് എന്നിവയാണ് താലത്തിൽ വയ്ക്കുന്നത്. പിന്നീട് ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്ക്കണം. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ആധാരം വെള്ളമാണെന്ന സങ്കല്പമാണ് ഇതിനുപിന്നിൽ. ഈ വെള്ളം കണ്ണിൽതൊട്ടുവച്ചതിനുശേഷമേ കണികാണാവൂ.
കണിയൊരുക്കങ്ങൾ എല്ലാം പൂർത്തിയായശേഷം വേണം കൊന്നപ്പൂ വിതറാൻ. ഓട്ടുരുളിയിലും കണിയൊരുക്കലുകളിലും കാെന്നപ്പൂക്കൾ വീഴാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊന്നപ്പൂവ് കുലയോടെ വയ്ക്കുന്നതിലും കുഴപ്പമില്ല. നിലവിളക്കുകൊളുത്തുന്നതിലാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിയരുത്. അങ്ങനെ വന്നാൽ ദോഷങ്ങൾ വിട്ടാെഴിയില്ല എന്നാണ് ആചാര്യന്മാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |