
ഭുവനേശ്വർ: ഒഡീഷയിൽ മുതിർന്ന വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഒഡീഷ ആഭ്യന്തര വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ ആരാധന ദാസിനെതിരെയാണ് 95 ലക്ഷം രൂപയുടെ ഭൂമി തട്ടിപ്പും ഭീഷണിയും ആരോപിച്ച് പരാതി ഉയർന്നിരിക്കുന്നത്. കമൽ കുമാർ ഭവ്സിങ്ക എന്ന ഭിന്നശേഷിക്കാരനായ വ്യക്തിയാണ് തട്ടിപ്പിന് ഇരയായത്. കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ ഭൂമി വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥ കൈക്കലാക്കിയത്. പണം വാങ്ങിയിട്ടും ഭൂമി നൽകുകയോ തുക തിരികെ നൽകുകയോ ചെയ്തില്ല. കൂടാതെ പണം തിരികെ ചോദിച്ച പരാതിക്കാരനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ബാങ്ക് ഓഫ് ഇന്ത്യ വഴി നടത്തിയ ഇടപാടുകളുടെ രേഖകൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതിക്കാരൻ ഉന്നയിച്ച സാമ്പത്തിക ഇടപാടുകൾ സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ ആരാധന ദാസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥയ്‌ക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിനായി പൊലീസ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമായതിനാൽ, പൊലീസ് കമ്മീഷണറേറ്റ് ആഭ്യന്തര വകുപ്പിനും പൊതുഭരണ വകുപ്പിനും കത്തയച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിലേറെ ഒഡീഷ ഭരണസർവീസിൽ പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥയാണ് ആരാധന. ഗഞ്ചം എഡിഎം അടക്കം പ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024ൽ ഐഎഎസ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2025 ഏപ്രിലിൽ ഔദ്യോഗികമായി ഐഎഎസ് കേഡറിൽ പ്രവേശിച്ചു.
2026 മാർച്ചിൽ മസൂറിയിലെ എൽബിഎസ്എൻഎഎ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥ എന്ന അംഗീകാരവും ഇവർ നേടിയിരുന്നു. അതേസമയം, തനിക്കെതിരെ എഫ്‌ഐആർ നിലവിലുള്ള കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ആരാധന ദാസിന്റെ പ്രതികരണം. എന്നാൽ സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കുന്നതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |