
പ്രീപെയ്ഡ് സ്റ്റാൻഡിൽ ഓട്ടോഡ്രൈവർമാർ പ്രതിഷേധിച്ചു
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ റെയിൽവേ പൊലീസ് മർദ്ദിച്ചെന്ന് പരാതി. മുട്ടത്തറ സ്വദേശിയും ഓട്ടോഡ്രൈവറുമായ അശോകനാണ് (66) ഇതുസംബന്ധിച്ച് തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്.ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ പ്രീപെയ്ഡ് സ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ,റെയിൽവേ പൊലീസ് എസ്.ഐ ജയൻ മർദ്ദിച്ചെന്നാണ് പരാതി.
വി.ഐ.പി വരുന്നതിനാൽ വാഹനം മാറ്റിയിടണമെന്ന് പറഞ്ഞതാണ് വാക്കേറ്റിന് കാരണമായതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.ഓട്ടോറിക്ഷ മാറ്റിയിടാൻ വൈകിയപ്പോൾ എസ്.ഐ അസഭ്യ വർഷം നടത്തിയെന്നും,ചോദ്യം ചെയ്തതോടെ മുഖത്ത് അടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് അശോകന്റെ പരാതി.ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തെ തുടർന്ന് സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ സംഘടിച്ച് പ്രതിഷേധിച്ചു.റെയിൽവേ എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്‌റ്റേഷന് മുന്നിലെ പ്രീപെയ്ഡ് ഓട്ടോ സർവീസുകൾ മണിക്കൂറുകളോളം നിറുത്തിവച്ചു. ഓട്ടോഡ്രൈവർമാർ സംഘടിച്ച് തമ്പാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തമ്പാനൂർ പൊലീസ് ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു.എസ്.ഐ ജയനും ഓട്ടോഡ്രൈവർമാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാകുന്ന ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്.
പതിവെന്ന് ഡ്രൈവർമാർ
ഒരു വർഷത്തേക്ക് നാലായിരം രൂപ പാർക്കിംഗ് ഫീസായി നൽകിയ ശേഷമാണ് ഓട്ടോറിക്ഷകൾ പ്രീപെയ്ഡ് സ്റ്റാൻഡിൽ കിടക്കുന്നതെന്നും,റെയിൽവേ പൊലീസിന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റം പതിവാണെന്നും ഡ്രൈവർമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |