
വൈപ്പിൻ: തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് ബൂത്ത് ഓഫീസിൽ കയറി എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. രസികലയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന് ഭർത്താവ് എളങ്കുന്നപ്പുഴ പൈയ്യപ്പിള്ളി പ്രിയരാജിനെ (50) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെരുമ്പിള്ളി സഹകരണ സംഘം ജീവനക്കാരനാണ്.
തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് നാലോടെ എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിൽ വച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. ബൂത്ത് ഓഫീസിൽ രസികലയും മറ്റ് പ്രവർത്തകരും ഇരിക്കവെ പ്രിയരാജ് അവിടെയെത്തി രസികലയെ അപമാനിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രിയരാജിനെ കോടതി റിമാൻഡ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
രസികലയും പ്രിയരാജും തമ്മിൽ 2023 മുതൽ വിവാഹമോചന കേസ് നിലനിൽക്കുന്നുണ്ട്. കേസിനെത്തുടർന്ന് രസികല ഡൊമസ്റ്റിക് വയലൻസ് ആക്ട് പ്രകാരം പ്രൊട്ടക്ഷൻ ഓർഡർ എടുത്തിരുന്നു. ഇതിന്റെ ലംഘനം കൂടി പരിഗണിച്ചാണ് ഇയാളെ റിമാൻഡ് ചെയ്തത്. രണ്ടുപേരും മുൻപ് കോൺഗ്രസ് ഭാരവാഹികളായിരുന്നു. ഒരു വർഷം മുൻപ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന പ്രിയരാജും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന വ്യക്തിയും തമ്മിൽ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തതിനെത്തുടർന്ന് ഇരുവരെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രിയരാജ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. അടുത്തകാലത്താണ് ഇയാൾ സി.പി.ഐയിൽ ചേർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |