
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതോടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചു. അതേ സമയം, ഹോർമുസ് തങ്ങളുടെ കൈകളിൽ തന്നെയാണെന്നും യു.എസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനത്തോടെ കഴിഞ്ഞ ബുധനാഴ്ച നിലവിൽ വന്ന 14 ദിവസത്തെ വെടിനിറുത്തൽ തകർന്ന് വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക. വെടിനിറുത്തൽ തുടരുമെന്നാണ് മദ്ധ്യസ്ഥ ചർച്ച നത്തിയ പാകിസ്ഥാന്റെ അവകാശവാദം.
ഹോർമുസിന്റെ നിയന്ത്രണം ഇറാനിൽ നിന്ന് പിടിച്ചെടുത്ത് സ്വതന്ത്രമായ കപ്പൽ സഞ്ചാരം അനുവദിക്കുകയും യുദ്ധത്തിന് അന്ത്യം കുറിക്കുകയുമാണ് ട്രംപിന്റെ ലക്ഷ്യം. ഹോർമുസിലേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയാൻ ട്രംപ് യു.എസ് നേവിക്ക് നിർദ്ദേശം നൽകി. ഹോർമുസ് കടക്കാൻ ഏതെങ്കിലും കപ്പൽ ഇറാന് ' നിയമവിരുദ്ധ ടോൾ' നൽകിയിട്ടുണ്ടെങ്കിൽ അവയെ തിരഞ്ഞുപിടിച്ച് തടയാനും ഉത്തരവിട്ടു. നാറ്റോ രാജ്യങ്ങളും ദൗത്യത്തിൽ പങ്കാളികളാകുമെന്നും ട്രംപ് അവകാശപ്പെട്ടു.
അന്താരാഷ്ട്ര സമുദ്ര മേഖലയായ ഹോർമുസിനെ വച്ച് വിലപേശാനോ ടോൾ പിരിക്കാനോ ഇറാനെ ഇനി അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ അനുമതിയില്ലാതെ കടക്കുന്ന കപ്പലുകളെ തകർക്കാൻ ഹോർമുസിൽ ആയിരക്കണക്കിന് നേവൽ മൈനുകൾ ഇറാൻ വിതറിയിട്ടുണ്ട്. തങ്ങളുടെ യുദ്ധക്കപ്പലുകൾ ഇവയെ നിർവീര്യമാക്കിത്തുടങ്ങിയെന്നാണ് യു.എസ് വാദം.
ഹോർമുസിലൂടെ കടത്തിവിടുന്ന കപ്പലുകളിൽ നിന്ന് 10 ലക്ഷം ഡോളറിലേറെ ഇറാൻ ടോൾ പിരിക്കുന്നെന്നും യു.എസ് ആരോപിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അനുമതിയോടെ പരിമിതമായ കപ്പൽ ഗതാഗതമാണ് നിലവിൽ മേഖലയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |