
മുംബയ്: 'പിയാ തൂ അബ് തോ ആജാ...' പോലുള്ള എവർഗ്രീൻ കാബറേ-സ്റ്റൈൽ നമ്പറുകൾ മുതൽ ' ദിൽ ചീസ് ക്യാ ഹേ' പോലുള്ള ഭാവാത്മകമായ ഗസലുകൾ വരെ അനായാസം വഴങ്ങുന്ന വിസ്‌മയ പ്രതിഭയായിരുന്നു ആശാ ഭോസ്‌ലെ. സഹോദരി ലതാ മങ്കേഷ്കറും ഗീതാ ദത്തുമൊക്കം അരങ്ങുവാണിരുന്ന 1940കളുടെ അവസാനത്തിലാണ് ഹിന്ദി പിന്നണി ഗാനരംഗത്തേക്കുള്ള ആശയുടെ രംഗപ്രവേശം. 1943ൽ തുടങ്ങിയ സംഗീത യാത്രയ്ക്കിടെ മികച്ച ഗായികയ്ക്കുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും 7 ഫിലിംഫെയർ അവാർഡുകളും സ്വന്തമാക്കിയ ആശ രണ്ട് തവണ ഗ്രാമി നോമിനേഷനും നേടി.
ചെറിയ സിനിമകളിൽ തുടർച്ചയായി പാടി ഒടുവിൽ ഹീറോയിന്റെ ശബ്ദമായി മാറി. ലതയിൽ നിന്നും വ്യത്യസ്തമായ ഒരു 'യുണീക് ' ഘടകം ആശയുടെ പാട്ടുകൾക്കുണ്ടായിരുന്നു. ആശയും ലതയും തമ്മിലെ സൗന്ദര്യ പിണക്കവും വാശിയും ഏറെ പ്രസിദ്ധമാണ്. ആർ.ഡി ബർമൻ മുതൽ എ.ആർ റഹ്മാൻ വരെ നീളുന്ന ഇതിഹാസ സംഗീത സംവിധായകരുടെ ഇഷ്ട ഗായകരുടെ നിരയിൽ ആശ മുൻനിരയിലെത്തി.
ഒ.പി നയ്യാർ,ബപ്പി ലാഹിരി,ഇളയരാജ തുടങ്ങിയവരുടെ ഈണങ്ങൾക്ക് ആശയുടെ ശബ്ദം നൽകിയ ജീവൻ കാതുകളിൽ ഓർമ്മകളുടെ ശിശിരം തീർത്തു.
ദേശീയ തലത്തിൽ സെൻസേഷണൽ ഹിറ്റായി മാറിയ 'ദം മാരോ ദം ', 90കളുടെ ഹൃദയം കീഴടക്കിയ ' സറാ സ ജൂം ലൂൻ ', ആകർഷകമായ താളത്തോടെ ഇന്ന് സോഷ്യൽ മീഡിയ ഭരിക്കുന്ന 'കജ്ര മൊഹബത്ത്‌വാല', അത്യുജ്ജ്വല ഡാൻസ് ട്രാക്കായ 'യേ മെരാ ദിൽ', ഡിസ്കോ ഹിറ്റായ 'ജവാനി ജാനെ മൻ'.... എന്നിങ്ങനെ ആശ വിപ്ലവമാക്കിത്തീർത്ത പാട്ടുകളെ വെല്ലാൻ റീമിക്സുകൾക്ക് പിന്നാലെ പായുന്ന ബോളിവുഡിന് ഇനി കഴിയില്ല.
ദുരന്ധറിലും (2025) കേട്ടു ആശയുടെ ശബ്ദം: പിയാ തൂ അബ് തോ ആജായുടെ പരിഷ്കരിച്ച പതിപ്പിന്റെ രൂപത്തിൽ. ഈ പാട്ടിലെ ' മോണിക്കാ, ഓ മൈ ഡാർലിംഗ്' എന്ന വരി ആസ്വാദകർക്ക് മറക്കാനാകില്ല. ലഗാനിലെ 'രാധ കൈസേ ന ജലേ'യാകട്ടെ, ഭക്തിയും ശാസ്ത്രീയ സംഗീതവും ഇഴചേർന്നുള്ള മാസ്റ്റർപീസായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |