
മുംബയ്: ഇന്ത്യയുടെ ഹൃദയ രാഗമായി മാറിയ അനുഗ്രഹീത ഗായിക ആശാ ഭോസ്‌ലെയ്ക്ക് (92) വിട. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ സഹോദരിയായ ആശ സംഗീതത്തിന്റെ വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ചാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. 2000ൽ ദാദാ സാഹേബ് ഫാൽക്കേ അവാർഡും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ഇന്നലെ മുംബയ് ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ 20ലേറെ ഭാഷകളിലായി 12,000ത്തിലേറെ പാട്ടുകൾ പാടി. 1977ൽ പുറത്തിറങ്ങിയ മലയാള ചിത്രം സുജാതയിലെ 'സ്വയംവര ശുഭദിന മംഗളങ്ങൾ ' എന്ന ഗാനവും ആയിരത്തിലേറെ ബോളിവുഡ് പാട്ടുകളും ഇതിൽപ്പെടുന്നു. ലതാ മങ്കേഷ്കറുമായി ചേർന്ന് 80ലേറെ പാട്ടുകൾ പാടി.
ശ്വാസകോശത്തിൽ അണുബാധയും തളർച്ചയും നേരിട്ട ആശയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അതീവ ഗുരുതരാവസ്ഥയിലായി അവയവങ്ങൾ നിലച്ചതോടെ മരണം സംഭവിക്കുകയായിരുന്നു.
ഭൗതികദേഹം മുംബയ് ലോവർ പരേലിലെ വസതിയിൽ എത്തിച്ചു. ഇന്ന് രാവിലെ 11 മുതൽ പൊതുദർശനം. വൈകിട്ട് 4ന് മുംബയ് ശിവാജി പാർക്കിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. മക്കൾ: ഹേമന്ത്, വർഷ, ആനന്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരടക്കം അനുശോചിച്ചു.
നടനും ഗായകനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്റെയും ശേവന്തിയുടെയും അഞ്ച് മക്കളിൽ മൂന്നാമത്തേതാണ്. ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ, ഗായികയും സംഗീത സംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്‌കർ, സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്‌കർ എന്നിവർ സഹോദരങ്ങൾ.
ജീവിത രേഖ
1933: സെപ്തംബർ 8ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജനനം
1943: മജാ ബാൽ എന്ന മറാത്തി സിനിമയിൽ ആദ്യഗാനം
1948: ചുനരിയ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ
1949: റാത്ത് കീ റാണിയിൽ ഹിന്ദി സോളോ ഗാനം
1949: 16-ാം വയസിൽ കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് 31കാരനായ ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം ചെയ്തു. മൂന്ന് മക്കൾ
1960: ഗൺപത്റാവുവുമായി വേർപിരിഞ്ഞു
1966: തീസരി മൻസിൽ എന്ന ചിത്രത്തിൽ ആർ.ഡി ബർമൻ ഒരുക്കിയ 'ആജ ആജ' എന്ന ഗാനം ജനഹൃദയങ്ങളിൽ
1980: ആർ.ഡി ബർമനെ വിവാഹം ചെയ്തു
1981, 1987: ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് (ചിത്രങ്ങൾ: ഉംറാവു ജാൻ, ഇജാസത്ത്)
1994: ആർ.ഡി ബർമൻ നിര്യാതനായി
1997: ഗ്രാമി നോമിനേഷൻ നേടിയ ആദ്യ ഗായിക (ആൽബം: ലെഗസി)
2012: മകൾ വർഷ നിര്യാതയായി
2015: മകൻ ഹേമന്ത് നിര്യാതനായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |