
ഒരു ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഇന്നത്തെ കാലത്ത് അടിപൊളിയായി ജീവിക്കാൻ പറ്റുമോ? അടിച്ചുപൊളിച്ച് ജീവിക്കാൻ പറ്റിയെന്ന് വരില്ല. എന്നാൽ ചിലപ്പോൾ തട്ടിയും മുട്ടിയും ജീവിക്കാൻ സാധിച്ചേക്കാം. ഇന്ന് പലരും ഒമ്പത് മുതൽ അഞ്ച് വരെയുള്ള ജോലി തുടരുമ്പോഴും മറ്റൊരു വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിനായി പലരും തിരഞ്ഞെടുക്കുന്നത് വ്‌ളോഗിംഗ്, ഫ്രീലാൻസ് ജോലികൾ എന്നിങ്ങനയൊക്കെയാണ്. സോഷ്യൽ മീഡിയയിൽ കണ്ടന്റ് ചെയ്ത് വൈറലായാൽ ലഭിക്കുന്ന പ്രമോഷനൊക്കെ ഈ വരുമാനമുണ്ടാക്കാനുള്ള ഒരു വഴിയായി ഇന്ന് പലരും കാണുന്നു.
എന്നാൽ ഇപ്പോൾ സോഷ്യൽ ലോകത്ത് കാണുന്ന പുതിയൊരു ട്രെൻഡ് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. കാലുകളുടെ ചിത്രങ്ങൾ പകർത്തി അത് വിൽപന നടത്തി വരുമാനം കണ്ടെത്തുന്നതാണ് പുതിയ രീതി. ഇത് കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും സോഷ്യൽ മീഡിയയിലൂടെ സ്‌ക്രോൾ ചെയ്യുമ്പോൾ കാണുന്ന ഇൻഫ്ളൂവൻസർമാരുടെ അവധിക്കാല യാത്രകൾക്കും, ഷോപ്പിംഗ് ആഘോഷങ്ങൾക്കും ചെലവഴിക്കുന്ന പണം അവരുടെ കാലുകളുടെ ചിത്രങ്ങൾ വിറ്റത് വഴിയാണ്. എന്നാൽ ഇത് ഇന്ത്യയിൽ നടക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അതിലും പ്രധാനമായി, ഇത് നിയമപരവും സുരക്ഷിതവുമാണോ? പരിശോധിക്കാം
ഇന്ത്യയിൽ നിയമപരമായി പ്രശ്നമുണ്ടോ?
കാലിന്റെ ചിത്രങ്ങൾ വിറ്റ് പണം സമ്പാദിക്കുന്നതിന് ഇന്ത്യയിൽ നിയമപരമായ പ്രശ്നങ്ങളില്ല. എന്നാൽ ചില മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. അതിൽ ആദ്യത്തേത് നിങ്ങൾ പ്രായപൂർത്തിയായ വ്യക്തിയായിരിക്കണം. മറ്റൊന്ന് നിങ്ങളുടെ ചിത്രങ്ങൾ മാത്രമേ വിൽപനയ്ക്ക് ഉപയോഗിക്കാൻ പാടുള്ളൂ. ചിത്രങ്ങളിൽ അശ്ലീലമില്ലെന്ന് ഉറപ്പാക്കണം. നിങ്ങളുടെ വരുമാനം നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
കൂടാതെ നിങ്ങളുടെ ഉള്ളടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയമങ്ങൾ ലംഘിക്കുന്നതായി തോന്നിയാൽ അത് തടയുകയോ നിയന്ത്രിക്കുകയോ ചെയ്‌തേക്കാം എന്ന കാര്യം അറിഞ്ഞിരിക്കണം. അതിനാൽ, കാലുകളുടെ ഫോട്ടോകൾ വിൽക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും അത് സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ചെയ്യുക. നിയമവും പ്ലാറ്റ്‌ഫോം മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.
കാലുകളുടെ ഫോട്ടോകൾ വിൽക്കുന്നത് പ്രത്യേകമായി നിരോധിക്കുന്ന ഒരു നിയമം നമ്മുടെ രാജ്യത്തില്ല. എന്നാൽ, 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ഇന്ത്യൻ പീനൽ കോഡ് (ഐപിസി) തുടങ്ങിയ വിശാലമായ നിയമങ്ങൾ അശ്ലീലമോ ലൈംഗികത പ്രകടമാക്കുതോ ആയ വസ്തുക്കൾ ഓൺലൈനിൽ വിതരണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
ഈ ചിത്രങ്ങൾ എവിടെ വിൽക്കും?
കാൽ ചിത്രങ്ങൾ വിൽക്കുന്നതിനായി ഇന്ത്യയിൽ പ്രത്യേക പ്ലാറ്റ്‌ഫോമുകൾ ഒന്നുമില്ല. ഇത്തരം ചിത്രങ്ങൾ കൂടുതലും അഡൽട്ട് കണ്ടന്റായാണ് കണക്കാക്കുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധമായ ഒൺലിഫാൻസ്, ഫീറ്റ് ഫൈൻഡർ തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഇത്തരം ചിത്രങ്ങൾ വിൽക്കാനും വാങ്ങാനും സാധിക്കും. മറ്റൊരു ജനപ്രിയവഴി ഇൻസ്റ്റാഗ്രാം ആണ്. ഇത് സ്രഷ്ടാക്കൾക്ക് പ്രത്യേക വിഷ്വൽ ഉള്ളടക്കത്തിനായി പണം നൽകാൻ തയ്യാറുള്ള ആളുകളുമായി നേരിട്ട് ബന്ധപ്പെടാൻ അനുവദിക്കുന്നു.
കാലിന്റെ ചിത്രങ്ങൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ നിങ്ങൾ എത്ര ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നു, അവയുടെ ഗുണനിലവാരം, നിങ്ങളുടെ പ്രേക്ഷകർ ആരൊക്കെയാണ്, എത്ര പേർ നിങ്ങളുടെ ഉള്ളടക്കം യഥാർത്ഥത്തിൽ വാങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |