
നെടുമങ്ങാട്: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും,ബന്ധുവിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാംപ്രതിയും പിടിയിൽ. കരിപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ.രാഹുൽരാജാണ് (27) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.
കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്.ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെ.എസ്.ആർ.ടി.സി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിക്കുകയായിരുന്നു. ഇയാളിൽ നിന്ന് രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദ്ദിച്ചവശനാക്കി ഉപേക്ഷിച്ച് കടന്നുകളഞ്ഞു.ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽ നിന്നാണ് രാഹുൽ രാജ് പിടിയിലായത്.
നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം,കൂലിത്തല്ല് കൊലപാതക ശ്രമം,നിരോധിത ലഹരി വില്പന, പൊലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18ഓളം കേസുകളിൽ ഉൾപ്പെട്ട രാഹുൽരാജ് കാപ്പ പ്രതിയുമാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നെടുമങ്ങാട് എസ്.എച്ച്.ഒ മോഹിത്.പി.കെ,എസ്.ഐമാരായ അഭിജിത്ത്,ജ്യോതിഷ്,എ.എസ്.ഐമാരായ വിജയൻ,ആർ.ബിജു, രാജേഷ്,സി.പി.ഒമാരായ ബിജു,ശ്രീലാൽ,അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |