പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താഴേക്കോട് ഫുട്‌ബാൾ കളിക്കിടെ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെതുടർന്ന് യുവാക്കളുടെ വാഹനത്തിൽ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. അപകടത്തിൽ പരിക്കേറ്റ നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ തങ്ങളുടെ കാർ യുവാക്കളുടെ കാറിൽ ഇടിപ്പിച്ചു. ആഘാതത്തിൽ യുവാക്കളുടെ കാർ തലകീഴായി മറിഞ്ഞു.
ഫുട്‌ബാൾ കളിക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഇവർ തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ ഒൻപത് പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തമായതെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |