
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായി ദിവസം മൂന്ന് കഴിഞ്ഞിട്ടും അന്തിമ പോളിംഗ് ശതമാന കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടാത്തതിനെതിരെ കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയോജക മണ്ഡലം അടിസ്ഥാനമായ പോളിംഗ് വിവരങ്ങളും പോസ്‌റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെ കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനത്തിന് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റ് എണ്ണം എന്നിവ കമ്മിഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ സംശയങ്ങൾക്ക് ഇടനൽകുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടുന്നു.
വമ്പൻ പോളിംഗ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞിട്ടും അന്തിമ പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. രണ്ടു ദിവസത്തിനകം അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഏപ്രിൽ 9ന് നടന്ന തിരഞ്ഞെടുപ്പിൽ എത്ര പേർ വോട്ട് ചെയ്തുവെന്ന അന്തിമകണക്കാണ് പുറത്തുവരാനുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതു നൽകുമെന്നായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്. ഇ.വി.എമ്മിൽ രേഖപ്പെടുത്തിയ വോട്ടിന്റെ കണക്ക് മാത്രമാണ് പുറത്തുവന്നത്. 78.27 ശതമാനമാണിത്. ഇതിനു പുറമെ ഹോംവോട്ടിംഗിൽ 2,26,860 പേർ വോട്ട് ചെയ്തിരുന്നു. കൂടാതെ പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും കണക്കാക്കേണ്ടതുണ്ട്. 34,128 ഉദ്യോഗസ്ഥരാണ് തപാൽ വോട്ടിന് അപേക്ഷ നൽകിയത്. ഏപ്രിൽ 6 വരെയുള്ള കണക്ക് അനുസരിച്ച് 28,990 പേർ തപാൽ വോട്ട് രേഖപ്പെടുത്തി. ശേഷിച്ച കണക്ക് ലഭ്യമായിട്ടില്ല.
പോളിംഗ് ഉദ്യോഗസ്ഥരായ 1.46 ലക്ഷം ജീവനക്കാർ അപേക്ഷ നൽകിയതിൽ എത്ര പേർ വോട്ട് രേഖപ്പെടുത്തിയെന്നതും വ്യക്തമല്ല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും റിട്ടേണിംഗ് ഓഫീസർമാരും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്നും ഇതു കമ്മിഷൻ പ്രഖ്യാപിക്കുമെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്. അന്തിമ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇൻഡക്സ് കാർഡ് വഴി പങ്കുവെയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പിൽ മൂന്നു ദിവസം കഴിഞ്ഞിട്ടും പഴയ കണക്ക് മാത്രമാണുള്ളത്. കമ്മിഷന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കണക്കുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിക്കഴിഞ്ഞു. ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതും അന്തിമ പോളിംഗ് ശതമാനവും വോട്ട് ചെയ്തവരുടെ കണക്കും വെളിപ്പെടുത്തേണ്ടതും കമ്മിഷനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |