
തിരുവനന്തപുരം: 'എനിക്കറിയാം ആ അമ്മയുടെ വേദന, എനിക്കേ അതു മനസിലാകൂ"- ജാതിവെറിയുടെ ക്രൂരതയിൽ ജീവനൊടുക്കിയ നിതിൻ രാജിന്റെ അമ്മയുടെ കരച്ചിൽ കണ്ട് സിദ്ധാർത്ഥിന്റെ അമ്മ ഷീബയുടെ വാക്കുകൾ മുറിഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐ വിദ്യാർത്ഥികളുടെ റാഗിംഗാണ് ഷീബയുടെ ജെ.എസ്. സിദ്ധാർത്ഥിന്റെ ജീവനെടുത്തത്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആദ്യവർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്നു നിതിൻരാജ്.
നിതിന്റെ വീട്ടിലേക്കുള്ള ഇടവഴി കയറിയപ്പോൾ തന്നെ ഷീബയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ചുറ്റും നിന്നവരെ നോക്കാതെ നേരെ വീട്ടിലേക്ക്. നിതിന്റെ മൃതദേഹത്തിന് മുന്നിൽ ഷീബയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഷീബയെ കണ്ടതോടെ നിതിന്റെ അമ്മ ലത ഏങ്ങലടിച്ചു കരഞ്ഞു. 'എന്റെ മോൻ ഒരുങ്ങി വെള്ളപുതച്ച് കിടക്കുന്നത് കണ്ടോ, ഇതിനാണോ ഞങ്ങൾ അവനെ ഇത്രത്തോളം വളർത്തിയത്"- എന്ന ലത അലമുറയിട്ട് നിലവിളിച്ചു. ഇതോടെ പിടിച്ചുനിൽക്കാനാകാതെ വിതുമ്പിക്കൊണ്ട് ഷീബ പുറത്തേക്കിറങ്ങി. സമീപത്ത് നിന്നയാൾ എടുത്തുകൊടുത്ത കസേരയിലിരുന്ന് ഷീബ വിങ്ങിപ്പൊട്ടി. അകത്തെ മുറിയിൽ നിതിന്റെ സമീപത്തിരുന്ന് വിതുമ്പുന്ന ലതയുടെ വേദന തന്റേതുകൂടിയാണെന്ന് ഷീബ തിരിച്ചറിഞ്ഞു.
'മകന്റെ മരണശേഷം പുറത്തിറങ്ങുന്നത് ആദ്യം"
ഏറെനേരത്തിന് ശേഷം സംസാരിക്കാൻ മനസ് പാകപ്പെട്ടപ്പോൾ കണ്ണീരോടെ ഷീബ മനസുതുറന്നു. 'മകന്റെ മരണശേഷം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഇതറിഞ്ഞപ്പോൾ വരാതിരിക്കാനായില്ല. സിദ്ധാർത്ഥിന്റെ കൊലപാതകികൾക്ക് ശിക്ഷ കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സസ്‌പെൻഷൻ വെറും പുകമറയാണ്. പൂക്കോട്ടെ കേസിൽ പ്രതിയായ അഡിഷണൽ ഡീനിനെ ഒരു മാസത്തികം തിരിച്ചെടുത്തു. ഗവർണറുടെ ഇടപെടലിലാണ് കുറ്റവാളികളായ വിദ്യാർത്ഥികൾ പുറത്തു നിൽക്കുന്നത്. കുറ്റവാളികളായ അദ്ധ്യാപകർക്ക് കേസ് നടത്താൻ ഇടതുപക്ഷ അദ്ധ്യാപക സംഘടന ബക്കറ്റ് പിരിവ് വരെ നടത്തി. നിയമത്തെ ഇവർക്ക് പേടിയില്ല. അത്തരമൊരു പേടി ഉണ്ടാകുന്നതുവരെ ഇനിയും ഇതാവർത്തിക്കും. ഇനി ഒരമ്മയ്‌ക്കും എന്റെ ഗതി ഉണ്ടാകരുതെന്നായിരുന്നു രണ്ടുവർഷമായുള്ള പ്രാർത്ഥന. പക്ഷേ എന്റെ പ്രാർത്ഥനയ്‌ക്ക് ഇപ്പോഴും ഫലമുണ്ടായില്ല"- പറഞ്ഞു നിറുത്തുമ്പോൾ ഷീബ വിങ്ങിപ്പൊട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |