SignIn
Kerala Kaumudi Online
Tuesday, 14 April 2026 12.23 PM IST

​ആ​ശ​ങ്ക​യി​ൽ​ ​ലോ​ക രാജ്യങ്ങൾ: ഹോർമുസിൽ യുദ്ധകാഹളം

Increase Font Size Decrease Font Size Print Page
f


 ഇറാൻ തീരത്ത് യു.എസ് ഉപരോധം
 ഗൾഫിലെ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ

ടെഹ്റാൻ: തുറമുഖങ്ങളും എണ്ണ ടെർമിനലുകളും ഉൾപ്പെടെ ഇറാന്റെ തീരപ്രദേശത്തെ യു.എസ് നാവിക സേന ഉപരോധ വലയത്തിലാക്കിയതോടെ ആശങ്കയിൽ ഗൾഫ് രാജ്യങ്ങൾ. യു.എസ് പ്രകോപനത്തിന് തിരിച്ചടി ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലായിരിക്കുമെന്ന സൂചന ഇറാൻ റെവല്യൂഷണറി ഗാർഡ് നൽകിയതോടെ മേഖലയിൽ വീണ്ടും യുദ്ധാന്തരീക്ഷം പടർന്നു.

ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ഇറാന്റെ തീരപ്രദേശത്ത് യു.എസിന്റെ ഔദ്യോഗിക ഉപരോധം പ്രാബല്യത്തിൽ വന്നത്. ഹോർമുസ് വഴി ഇറാനിലെ തുറമുഖങ്ങളിൽ നിന്ന് വരികയോ,പോവുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെ (ഇറാന്റെയും വിദേശ രാജ്യങ്ങളുടെയും അടക്കം) യു.എസ് നേവി തടയും. ഇതിനായി യു.എസിന്റെ പടക്കപ്പലുകൾ പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും നിലയുറപ്പിച്ചു. ഇസ്രയേൽ സഹായിക്കും. ഹോർമുസ് വഴി മറ്റുള്ള രാജ്യങ്ങളിലേക്ക് വരികയും പോവുകയും ചെയ്യുന്ന കപ്പലുകളെ തടയില്ല. മാനുഷിക സഹായങ്ങൾക്കും ഇളവുണ്ട്.

അതേസമയം, യു.എസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും മേഖലയിലേക്ക് പ്രവേശിക്കുന്ന യു.എസ് കപ്പലുകളെ തകർക്കുമെന്നും റെവല്യൂഷണറി ഗാർഡും അറിയിച്ചു.

നീക്കങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്ന ആഗോള ഊർജ്ജ വിപണിയ്ക്ക് ഇരുട്ടടിയായി. എണ്ണ വില ബാരലിന് 100 ഡോളർ കടന്നു. റഷ്യയും ചൈനയും യു.എസ് ഉപരോധത്തെ അപലപിച്ചു. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച തകർന്ന പിന്നാലെയാണ് ഹോർമുസ് പിടിച്ചെടുത്ത് ഇറാനെ വരുതിയിലാക്കാൻ യു.എസ് തീരുമാനിച്ചത്. ഇറാനിൽ കഴിഞ്ഞ ബുധനാഴ്ച നിലവിൽ വന്ന 14 ദിവസത്തെ വെടിനിറുത്തൽ തുടരുന്നുണ്ടെങ്കിലും ഏതുനിമിഷവും തകർന്നേക്കാനിടയുണ്ട്.

എണ്ണക്കയറ്റുമതി നിലയ്ക്കും


1. ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതി വരുമാനം തടയും. ബന്ദർ അബ്ബാസ്, ബുഷെഹർ, ചബഹാർ തുറമുഖങ്ങളെ ബാധിക്കും. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനയടക്കം രാജ്യങ്ങൾക്കും തിരിച്ചടി

2. സമ്മർദ്ദത്തിലാകുന്ന ഇറാൻ ചർച്ചയ്ക്ക് തയ്യാറാകുമെന്നും തങ്ങളുടെ ഉപാധികൾ അംഗീകരിക്കുമെന്നും യു.എസ് വിലയിരുത്തൽ

3. ഹോർമുസ് പിടിച്ചെടുത്താൽ ടോൾ പിരിക്കാനുള്ള ഇറാന്റെ നീക്കം തടഞ്ഞ് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാമെന്നും യു.എസ്


# വരിഞ്ഞുമുറുക്കാൻ കപ്പൽപ്പട


 ഹോർമുസിന് കിഴക്ക് ഒമാൻ ഉൾക്കടലിലും അറബിക്കടലിലും യു.എസ് നേവി സംഘം. ഇറാനിലേക്ക് പോകുന്ന/വരുന്ന കപ്പലുകളെ തടയാൻ എളുപ്പം

 രണ്ട് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലുകൾ പേർഷ്യൻ ഉൾക്കടലിൽ. ശനിയാഴ്ച ഹോർമുസ് മറികടന്ന ഇവ മേഖലയിലെ ഗതാഗതം നിരീക്ഷിക്കുന്നുണ്ടെന്നും ഇറാൻ സ്ഥാപിച്ച നേവൽ മൈനുകളെ നീക്കുകയാണെന്നും റിപ്പോർട്ട്

 യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയും സംഘവും ഒമാന് സമീപം. മിസൈൽ വിക്ഷേപണത്തിനും വ്യോമാക്രമണങ്ങൾക്കും സജ്ജം

 യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനി മെഡിറ്ററേനിയൻ കടലിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു

# മറ്റ് വഴികൾ തേടി യു.കെയും ഫ്രാൻസും


യു.എസിനൊപ്പം ഉപരോധത്തിൽ പങ്കാളിയാകില്ലെന്ന് യു.കെ, ഫ്രാൻസ്, ഓസ്ട്രേലിയ, സ്പെയിൻ എന്നിവർ അറിയിച്ചു. നാറ്റോ പ്രതികരിച്ചിട്ടില്ല. ഹോർമുസിലെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാനുള്ള മറ്റ് വഴികൾ സ്വീകരിക്കാൻ യു.കെയും ഫ്രാൻസും സംയുക്തമായി നീങ്ങും. നയതന്ത്രം സ്വീകരിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ.


# യു.എസ് നേവിയ്ക്ക് സമീപമെത്തുന്ന ഇറാന്റെ ആക്രമണ കപ്പലുകളെ തകർത്തെറിയും.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്


# യു.എസിന്റേത് കടൽക്കൊള്ളയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്.

- ഇറാൻ

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.