
യാത്രകൾ ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. യാത്ര പോകാനും പുതിയ കാഴ്‌ചകൾ കാണാനും വിവിധ ഭക്ഷണങ്ങൾ പരീക്ഷിക്കാനും പുതിയ കാര്യങ്ങൾ ചെയ്യാനും എല്ലാവർക്കും ഇഷ്‌ടമാണ്. എന്നാൽ, മാനസികമായി തുള്ളിച്ചാടുമെങ്കിലും യാത്രയ്‌ക്കൊരുങ്ങുന്നവരെ പിന്നിലേക്ക് വലിക്കുന്ന ഒരു കാര്യമുണ്ട്. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണിത്.
യാത്രകൾ പോകുമ്പോൾ പലർക്കും വയറ് വീർത്തിരിക്കുന്നതുപോലെ, അസ്വസ്ഥത, മലബന്ധം അല്ലെങ്കിൽ വയറിളക്കം വരെ അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത്തരം ഉദരസംബന്ധമായ പ്രശ്‌നങ്ങൾ നിങ്ങളുടെ യാത്രയെ നശിപ്പിക്കാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം.
യാത്രകളിലെ ഉദരപ്രശ്‌നങ്ങൾ
നമ്മൾ സാധാരണയായി ഭക്ഷണം കഴിക്കുന്ന രീതിയുമായി കുടൽ പൊരുത്തപ്പെട്ടിരിക്കും. ആ ദിനചര്യയിൽ നിന്ന് വരുന്ന വലിയ മാറ്റങ്ങൾ കുടലിന് ഇഷ്‌ടമല്ല. ഇങ്ങനെ സംഭവിച്ചാൽ അസാധാരണമായ ഓരോ പ്രശ്‌നങ്ങൾ വയറിനുള്ളിൽ സംഭവിക്കും. ഇക്കാരണത്താലാണ് യാത്രയ്‌ക്കിടെ പലർക്കും മലബന്ധം ഉണ്ടാകുന്നത്. എന്നാൽ, യാത്ര കഴിഞ്ഞിട്ടും ഇത്തരത്തിൽ മലബന്ധം ദിവസങ്ങളോളം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിർജലീകരണമോ മറ്റ് അസുഖങ്ങളോ ആകാം. ചൂടുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഉറപ്പായും ഉണ്ടാകും.
ഭക്ഷണക്രമത്തിൽ വരുന്ന മാറ്റവും ഉദരപ്രശ്‌നങ്ങൾക്ക് കാരണമാകും. ക്രമരഹിതമായി ഭക്ഷണം കഴിക്കുക, വളരെ കുറച്ച് പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നിങ്ങനെ ചെയ്യുന്നത് കുടലിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുകയും മലബന്ധം കൂടുതൽ വഷളാകുകയും ചെയ്യും. വ്യായാമം മറ്റൊരു ഘടകമാണ്. യാത്ര പോകുമ്പോൾ വ്യായാമം വളരെ കുറവായിരിക്കും. ഇങ്ങനെ ശരീരം അനങ്ങാതെയിരിക്കുന്നതും മലബന്ധത്തിന് മറ്റൊരു കാരണമാകാം.

ഇതിനെല്ലാം വിപരീതമായ അവസ്ഥയാണ് മറ്റുചിലർക്ക്. യാത്രയ്‌ക്കിടെ വയറിളക്കം കാരണം ബുദ്ധിമുട്ടുന്നവരാണ് ഇക്കൂട്ടർ. യാത്രക്കാരിലെ വയറിളക്കത്തിന് പ്രധാന കാരണം ഗ്യാസ്ട്രോഎന്റൈറ്റിസ് എന്ന അവസ്ഥയാണ്. മലിനമായ അല്ലെങ്കിൽ കേടായ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നതും, കൂടിയ അളവിൽ മദ്യം കഴിക്കുന്നതും വയറിളക്കത്തിന് മറ്റൊരു കാരണമാണ്. പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഫ്രക്‌ടോസിന്റെ അളവ് കൂടുതലായി ശരീരത്തിൽ എത്തുന്നതും വയറിളക്കം ഉണ്ടാക്കിയേക്കാം. കാപ്പിയിലും ചായയിലും അടങ്ങിയിട്ടുള്ള കഫീൻ മറ്റൊരു ഘടകമാണ്. ദീർഘനേരം വെയിലത്ത് നിൽക്കുന്നതും വയറിളക്കത്തിന് കാരണമാകും.
പ്രശ്‌നം എങ്ങനെ ഒഴിവാക്കാം
നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം മാത്രം പോവുക. പ്രദേശത്ത് മലിനമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഉറപ്പായാൽ മറ്റ് മാർഗങ്ങൾ തേടുക. അത്യാവശ്യഘട്ടങ്ങളിൽ കഴിക്കാൻ ലഘുവായ ഭക്ഷണങ്ങളും വെള്ളവും കരുതുന്നതും നല്ലതാണ്.

പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ
യാത്രയ്‌ക്കിടെ മലബന്ധം ഉണ്ടായാൽ വെള്ളം കുടിക്കുന്നതിന്റെ അളവ് കൂട്ടുക, അല്ലെങ്കിൽ പഴച്ചാറ് കുടിക്കുക. ഒരു സ്‌പൂൺ നെയ്യ് കഴിക്കുന്നതും നല്ലതാണ്. ഇനി വയറിളക്കമാണ് പ്രശ്‌നമെങ്കിൽ ഡോക്‌ടറെ സമീപിച്ച് മരുന്ന് കഴിക്കുക. വയറിളക്കം കാരണം നിർജലീകരണം ഉണ്ടാകാം. അതിനാൽ നന്നായി വെള്ളം കുടിക്കണം. വയറിളക്കത്തിനൊപ്പം പനിയോ ജലദോഷമോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സിക്കുന്നത് ഒഴിവാക്കി വൈദ്യസഹായം തേടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |