SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.56 AM IST

ബംഗാളിലെ ഇടതുകോട്ട തിരിച്ചുപിടിക്കാൻ മുൻമേയർ

Increase Font Size Decrease Font Size Print Page
bikash

പശ്ചിമബംഗാളിലെ ഇടതുകോട്ടയായ ജാധവ്പൂർ അസംബ്ളി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ് കൊൽക്കത്ത മുൻ മേയറും സി.പി.എം നേതാവുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യയ്‌ക്ക്.

1967 മുതൽ 2006 വരെ മണ്ഡലത്തിൽ പാറിയിരുന്നത് ചുവപ്പ് മാത്രം. 1987 മുതൽ 2006വരെ മുൻ മുഖ്യമന്ത്രിയും പാർട്ടി ഐക്കണുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ മണ്ഡലം. തൃണമൂലിന്റെ കുതിപ്പ് കണ്ട 2011ൽ അദ്ദേഹത്തിനു കാലിടറി. 2016ൽ സുജൻ ചക്രവർത്തിയിലൂടെ തിരിച്ചുപിടിച്ചെങ്കിലും 2021ൽ കൈവിട്ടു.

ഇക്കുറി സിറ്റിംഗ് എം.എൽ.എ ദേബബ്രത മജുംദാറിന്റെയും(തൃണമൂൽ) സർബോരി മുഖർജിയുടെയും (ബി.ജെ.പി) വെല്ലുവിളി അതിജീവിക്കുകയെന്നതാണ് ബികാസ് രഞ്ജനു മുന്നിലെ ദൗത്യം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാധവ്പൂർ മണ്ഡലത്തിൽ തോറ്റെങ്കിലും കെട്ടിവച്ച കാശുകിട്ടിയ ഏക സി.പി.എം സ്ഥാനാർത്ഥിയായിരുന്നു ബികാസ് രഞ്ജൻ. ഇതാണ് പാർട്ടിയുടെ പ്രതീക്ഷയും.

മുൻനിര അഭിഭാഷകൻ കൂടിയായ ബികാസ്, തിരഞ്ഞെടുപ്പ് തിരക്കിനിടയിലും എസ്.ഐ.ആർ കേസുകളും നോക്കുന്നു. ജാധവ്‌പൂർ പൂർബലോകിലെ വസതിയോടു ചേർന്ന, ആയിരക്കണക്കിനു നിയമപുസ്‌തകങ്ങൾ നിറഞ്ഞ ഓഫീസിൽ അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു.

?എസ്.ഐ.ആർ ആണല്ലോ പ്രധാന ചർച്ച

എസ്.ഐ.ആർ ഭരണഘടനാ വിധേയമാണ്. തുടക്കം മുതൽ മമത സർക്കാർ എതിർത്തത് കാര്യങ്ങൾ സങ്കീർണമാക്കി. ബംഗാളിൽ ഭട്ടാചാര്യ, ഭട്ടചാർജി തുടങ്ങി പേരിലെ ചെറിയ വ്യത്യാസങ്ങൾ കാരണമാണ് പലരും പുറത്തായത്. പാവപ്പെട്ട ജനത്തിനു തെളിയിക്കാൻ രേഖകളില്ല. ബി.ജെ.പി മുസ്ളിംങ്ങളെ ലക്ഷ്യമിട്ടെങ്കിലും ഹിന്ദുക്കളാണ് കൂടുതലും പുറത്തായത്. നുഴഞ്ഞുകയറ്റം എതിർത്ത് ധ്രുവീകരണത്തിനു തുടക്കമിട്ടത് മമതയാണ്. അതിപ്പോൾ ബി.ജെ.പി ഏറ്റെടുത്തു.

?ആർ.ജി കർ മാനഭംഗക്കേസ് തുടക്കത്തിൽ സി.പി.എം ഏറ്റെടുത്തിട്ടും ഇരയുടെ മാതാവ് ബി.ജെ.പി സ്ഥാനാർത്ഥിയായി

പ്രതിഷേധം സി.പി.എം നിയന്ത്രണത്തിൽ തന്നെയാണ്. പക്ഷേ ഇരയുടെ മാതാവിനെ ബി.ജെ.പി വിലയ്‌ക്കുവാങ്ങി. രക്ഷിക്കണമെന്ന് അവർ അപേക്ഷിച്ചിട്ടാണ് ഞാൻ അഭിഭാഷകനായത്. ബി.ജെ.പി നേതാവ് സുകാന്ത മജുംദാർ അവരെ അകറ്റി.

?ജാധവ്പൂരിലെ സാദ്ധ്യതകൾ

വർഗീയ ധ്രുവീകരണം ഏൽക്കാത്ത മെച്ചപ്പെട്ട അന്തരീക്ഷം. ബൂത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടണം. ഹൗസിംഗ് കോപ്ളക്സുകളിൽ ബൂത്തുകളുള്ളത് നേട്ടം. അല്ലെങ്കിൽ തൃണമൂൽ ഗുണ്ടകൾ വോട്ടർമാരെ തടയും.

?സംസ്ഥാനത്തെ ഇടതു സാദ്ധ്യതകൾ

തൃണമൂലിനു ബദലായി മുന്നേറിയ ബി.ജെ.പി ഇടതുവോട്ട് ഭിന്നിപ്പിച്ചു. 2016നുശേഷം ഇടതിനു പിടിച്ചുനിൽക്കാനായില്ല. ബി.ജെ.പി നന്നായി പണമൊഴുക്കുന്നു.

?കോൺഗ്രസ് സഖ്യമില്ലേ

അവരാണ് വേണ്ടെന്നുവച്ചത്

?ഇടതുമുന്നണി സീറ്റ് നേടുമോ

പറയാൻ ബുദ്ധിമുട്ടാണ്. 10ൽ കൂടുതൽ പ്രതീക്ഷയുണ്ട്.

?2011നുശേഷം സി.പി.എമ്മിനു സംഭവിച്ചത്

34 വർഷം തുടർച്ചയായി ഭരിച്ച പാർട്ടിക്കെതിരായ ഭരണവിരുദ്ധ തരംഗം ശക്തമായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.