കൊട്ടാരക്കര: പുലമൺ തോടിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ. വേനൽ കടുത്തതോടെ തോട്ടിലെ നീരൊഴുക്ക് നിലച്ച നിലയിലാണ്. തോട് വൃത്തിയാക്കാനും സംരക്ഷണ ഭിത്തികൾ കെട്ടാനും ഏറ്റവും അനുയോജ്യമായ സമയമാണിതെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞിട്ടും അധികൃതർ മൗനം തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പുഴുനുരയ്ക്കുന്ന മാലിന്യം
തോടിന്റെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനിന്ന് മാലിന്യവുമായി കലർന്ന് പുഴുനുരയ്ക്കുന്ന അവസ്ഥയിലാണ്. കുറ്റിക്കാടുകളും മൺതിട്ടകളും രൂപപ്പെട്ടതോടെ തോടിന്റെ ഭൂരിഭാഗം സ്ഥലങ്ങളും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. മഴക്കാലത്തിന് മുൻപായി അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ തോട് പൂർണമായും തകരുന്ന സാഹചര്യം ഉണ്ടാകും.
താളം തെറ്റുന്ന പദ്ധതികൾ
പുലമൺ തോടിനായി ഒട്ടേറെ സംരക്ഷണ പദ്ധതികൾ വന്നുവെങ്കിലും തോടിന്റെ സ്ഥിതി ഇപ്പോഴും പരിതാപകരമാണ്. ഏറ്റവും ഒടുവിൽ മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പുലമൺ തോടുമായി ബന്ധപ്പെടുത്തിയാണ് നടന്നത്. 2024 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |