
കോൺഗ്രസിൽ അലക്ക് തുടരുന്നു
ജനത്തെ വെറുപ്പിക്കലെന്ന് ലീഗ്
തിരുവനന്തപുരം: ഒറ്റക്കെട്ടെന്ന് വീമ്പിളക്കി തിരഞ്ഞെടുപ്പിനെ നേരിട്ട സംസ്ഥാന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി പദത്തെച്ചൊല്ലി വെറുപ്പിക്കൽ തുടരുന്നു. ഫലം വരാൻ ഇനിയുമുണ്ട് രണ്ടാഴ്ചയിലേറെ സമയം. പക്ഷേ, ഭരണം കിട്ടുമെന്ന് അമിത വിശ്വാസമായതോടെ തനിനിറം പുറത്തുവന്നു.
ദേശീയ നേതൃത്വം കണ്ണുരുട്ടിയിട്ടും അവകാശവാദത്തിന് അവസാനമില്ല. ചർച്ചയ്ക്ക് വഴിമരുന്നിട്ട കെ. സുധാകരൻ എന്താണ് കുഴപ്പമെന്ന് ഇന്നലെ പരസ്യമായി ന്യായീകരിച്ചു.
വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ ചുറ്റിപ്പറ്റിയാണ് സമൂഹമാദ്ധ്യമങ്ങളിൽ മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നത്. ചർച്ചകൾ അനാവശ്യമെന്ന് ഈ നേതാക്കൾ എങ്ങും തൊടാതെ പറയുന്നുണ്ടെങ്കിലും ശൂന്യതയിൽ നിന്ന് പൊന്തിവരില്ലെന്ന അഭിപ്രായമാണ് മറ്റു നേതാക്കൾക്ക്.
പരസ്യ ചർച്ചകളെ കെ. സുധാകരൻ ന്യായീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ മറുപടി. യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ രാവും പകലും കഠിനാദ്ധ്വാനം ചെയ്ത പ്രവർത്തകരോടുള്ള വെല്ലുവിളിയാണെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചവർ ഇവിടെയുള്ളപ്പോൾ ഡൽഹിയിൽ നിന്നുള്ള പേര് എന്തിന് ഉയർത്തുന്നെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ചോദ്യം. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് പൊതു ധാരണയുണ്ടായതുമാണ്. എന്നാൽ നിയമസഭാംഗമല്ലാത്ത നേതാവ് മുഖ്യമന്ത്രി പദത്തിലെത്തിയിട്ടുള്ള ചരിത്രമാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്.
മുസ്ലിം ലീഗ് ഹൈക്കമാൻഡിന്റെ ഇടപെടൽ ആവശ്യപ്പെട്ടേക്കുമെന്നുമറിയുന്നു. ആരുടെയും പക്ഷം പിടിക്കില്ലെന്ന് ലീഗ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ വിവാദം ജനങ്ങൾക്ക് മുന്നിൽ യു.ഡി.എഫിനെ പരിഹാസ്യമാക്കുകയാണെന്ന വികാരം അവർക്കുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാനില്ലെന്നാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞതെങ്കിലും അവരും അസ്വസ്ഥരാണ്. ഇതിനിടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.
എം.എൽ.എമാരുടെ
എണ്ണം പ്രധാനം
ഗ്രൂപ്പില്ലെന്ന് പറയുമ്പോഴും സ്ഥാനാർത്ഥി നിർണയത്തിൽ സതീശൻ, ചെന്നിത്തല, വേണുഗോപാൽ എന്നിവരുടെ നിർദ്ദേശങ്ങളാണ് പ്രധാനമായും പരിഗണിച്ചത്. അതു കൊണ്ടു തന്നെ ജയിച്ചു വരുന്നവരിൽ മുൻതൂക്കം ഏതു ഭാഗത്തേക്കെന്നതും പ്രധാനമാണ്. ഭൂരിപക്ഷം കിട്ടിയാൽ എം.എൽ.എമാരുടെ അഭിപ്രായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നാണ് ദേശീയ നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.
ഇപ്പോൾ ആർക്കൊപ്പവും
നിൽക്കേണ്ടെന്ന് ലീഗ്
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന മൂന്നുപേരെയും ഈ ഘട്ടത്തിൽ പിന്തുണയ്ക്കേണ്ടെന്ന് മുസ്ളിം ലീഗിൽ തീരുമാനം. തിരഞ്ഞെടുപ്പ് ഫലം വരും മുൻപേയുള്ള തർക്കം ജനത്തിന് മുന്നിൽ യു.ഡി.എഫിനെ പരിഹാസ്യരാക്കുന്നുണ്ട്. ഫലം വ്യക്തമാവും മുമ്പേ ഒരു നേതാവിന്റെ പക്ഷം ചേർന്നാലുള്ള അപകടവും ലീഗിനെ പിന്നോട്ടുവലിക്കുന്നുണ്ട്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിന്റെ പാണക്കാട്ടെ സന്ദർശനത്തിലും ലീഗിന് അതൃപ്തിയുണ്ട്. കെ.സിയെ പിന്തുണച്ച് കെ.സുധാകരൻ രംഗത്ത് വന്നതും വി.ഡി.സതീശനായി സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളും ലീഗ് ഗൗരവത്തോടെ കാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |