SignIn
Kerala Kaumudi Online
Friday, 24 April 2026 11.09 PM IST

തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം, തെളിഞ്ഞു പൂര വഴി

Increase Font Size Decrease Font Size Print Page
photo

തൃശൂർ: പൂരത്തിന്റെ പ്രധാനപങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും നാളെ കൊടിയേറുന്നതോടെ തൃശൂർ നഗരം പൂരലഹരിയിലേക്ക് നീങ്ങും. പൂരപ്പതാകകൾ ഉയരുന്നതോടെ ദേവീദേവന്മാർ തട്ടകങ്ങളിലേക്ക് യാത്രയാകും. ഘടകക്ഷേത്രങ്ങളിലും നാളെ രാവിലെ മുതൽ പൂരക്കൊടിയുയരും. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം. ഈ മാസം 24ന് സാമ്പിൾ വെടിക്കെട്ടും, 25ന് പൂരം വിളംബരവും നടക്കും. 26നാണ് തൃശൂർ പൂരം.

പാറമേക്കാവ് ക്ഷേത്രം

രാവിലെ പതിനൊന്നോടെ വലിയ പാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. 11.30നാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിലെ കുട്ടൻ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകൾ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ഉയർത്തുക. ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയർത്തും.

തിരുവമ്പാടി ക്ഷേത്രം

രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം. പാരമ്പര്യഅവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും ചേർന്നാണ് കൊടിമരം ഒരുക്കുക. മേൽശാന്തി ദേശക്കാർക്ക് കൈമാറുന്ന കൊടിക്കൂറ ഉപചാരപൂർവം കൊടിമരത്തിൽ ചാർത്തും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിദ്ധ്യം സൂചിപ്പിക്കുന്ന നീലയും മഞ്ഞയും നിറത്തിലുള്ള പതാകകളാണ് ഉയർത്തുക. ഉച്ചയ്ക്ക് മൂന്നിന് ഭഗവതിയുടെ പൂരം പുറപ്പാട് നടക്കും.

ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം

കണിമംഗലം ശാസ്താവ്
പൂരദിവസം ആദ്യമെത്തുക കണിമംഗലം ശാസ്താവിന്റെ പൂരമാണ്. കൊടിയേറ്റ ദിനമായ നാളെ രാവിലെ ക്ഷേത്ര ശുദ്ധി, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവ നടക്കും. വൈകിട്ട് ആറരയ്ക്ക് ശേഷമാണ് കൊടിയേറ്റം, തുടർന്ന് പൂരം പുറപ്പാട്.

കാരമുക്ക് ഭഗവതി

വൈകിട്ട് ദീപാരാധന, തുടർന്ന് ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റം. ശേഷം ഭഗവതിക്ക് ആറാട്ട്.

അയ്യന്തോൾ കാർത്യായനി ക്ഷേത്രം
രാവിലെ ദ്രവ്യകലശം, നവകം, ഒമ്പതിന് മേളം തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. രാവിലെ 11നും 11.30 നും ഇടയിൽ കൊടിയേറ്റം.

ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം
വൈകീട്ട് 4.30നും 5.00നും മദ്ധ്യേ നാട്ടുകാർ കൊടിയേറ്റും. തുടർന്ന് ശീവേലി, ക്ഷേത്രക്കുളത്തിൽ ആറാട്ട്. ആറാട്ടിന് ശേഷം പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിൽ മേളത്തോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്.

ലാലൂർ കാർത്യായനി ക്ഷേത്രം
രാവിലെ 4.30ന് പള്ളിയുണർത്തൽ, അഞ്ചിന് നടതുറയ്ക്കൽ, ആറിന് ഗണപതി ഹോമം. തുടർന്ന് രാവിലെ 8 നും 8.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റം. തുടർന്ന് ആറാട്ട്, നവകം.

ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം
ദീപാരാധന, ആറാട്ടിന് ശേഷം കൊടിയേറ്റം. വൈകിട്ട് 7.30ന് നാട്ടുകാർ കൊടിയേറ്റും

പനമുക്കുമ്പിള്ളി ശാസ്താ ക്ഷേത്രം
താന്ത്രിക ചടങ്ങുകൾക്കും ദീപാരാധനയ്ക്കും ശേഷം വൈകിട്ട് 6.30 നും 7നും ഇടയിൽ നാട്ടുകാർ കൊടിയേറ്റും.

നെയ്തലക്കാവ് ക്ഷേത്രം

തന്ത്രിയുടെ നേതൃത്വത്തിൽ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് ഏഴിന് നാട്ടുകാർ കൊടിയേറ്റും. തുടർന്ന് മേളത്തോടെ ആറാട്ടിനായി പുറപ്പെടും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.