
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ വെറുതേ വിടാനിടയാക്കിയത് സാങ്കേതിക പിഴവുകൾ കാരണമെന്ന് സുപ്രീംകോടതിയെ ധരിപ്പിച്ച് മുഖംരക്ഷിക്കാൻ സി.ബി.ഐ. അന്വേഷണം അടിമുടി പാളിയെന്ന് വിമർശിച്ചാണ് വധശിക്ഷ വിധിക്കപ്പെട്ട കെ. ജിതകുമാർ ഉൾപ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി വെറുതേവിട്ടത്. ഇതിനെതിരായ അപ്പീലിലാണ് അന്വേഷണത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് സി.ബി.ഐ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്തെ സ്പെഷ്യൽ ക്രൈം യൂണിറ്റാണ് കേസന്വേഷിച്ചത്. തുടരന്വേഷണത്തിനാണ് ഹൈക്കോടതി സി.ബി.ഐക്ക് ഉത്തരവ് നൽകിയിരുന്നത്. എന്നാൽ നടത്തിയത് പുനരന്വേഷണമാണ്. സി.ബി.ഐ സ്വന്തം നിലയിൽ എഫ്.ഐ.ആർ റീ രജിസ്റ്റർ ചെയ്തു. അഡി.സെഷൻസ് കോടതി കേസ് പരിഗണിക്കവേ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മാപ്പുസാക്ഷികൾക്കായുള്ള അപേക്ഷ നൽകി. അധികാരപരിധി മറികടന്നാണ് അന്വേഷണ റിപ്പോർട്ട് കോടതിയിലെത്തിയത്. പ്രതികളെ വെറുതേവിട്ടുള്ള ഉത്തരവിൽ ഈ പിഴവുകളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
എന്നാൽ സംഭവിച്ചത് സാങ്കേതിക പിഴവുകൾ മാത്രമാണെന്നും പ്രതികൾ വിചാരണക്കോടതിയിൽ കുറ്റം സമ്മതിച്ചതാണെന്നും സി.ബി.ഐ പറയുന്നു. പൊലീസ് സ്റ്റേഷനിലെ ക്രൂരമർദ്ദനത്തിലാണ് ഉദയകുമാർ കൊല്ലപ്പെട്ടത്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങൾ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ ഭാഗമാണ്. പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും വെറുതേവിട്ട ഉത്തരവ് റദ്ദാക്കണമെന്നുമാണ് സി.ബി.ഐയുടെ ആവശ്യം. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന്റെ ശുപാർശ കേന്ദ്രപേഴ്സണൽ മന്ത്രാലയം അംഗീകരിച്ചതോടെയാണ് അപ്പീൽ നൽകിയത്.
പൈശാചിക
ഉരുട്ടിക്കൊല
2005സെപ്തംബർ 27നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഉദയകുമാറിനെ ഫോർട്ട് പൊലീസ് പിടികൂടി ക്രൂരമായി മർദ്ദിച്ചും ഉരുട്ടിയും കൊലപ്പെടുത്തിയത്
22 ഗുരുതര പരുക്കുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ലോക്കൽപൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്
ഒന്നാംപ്രതി എ.എസ്.ഐ ജിതകുമാറിനും രണ്ടാം പ്രതി സി.പി.ഒ ശ്രീകുമാറിനും വധശിക്ഷ വിധിച്ചു. മൂന്നാംപ്രതി സോമൻ വിചാരണയ്ക്കിടെയും ശ്രീകുമാർ ഹൈക്കോടതി വിധിക്ക് മുൻപും മരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |