SignIn
Kerala Kaumudi Online
Wednesday, 29 April 2026 11.33 AM IST

ഒരു വര്‍ഷം മുമ്പ് വിറ്റത് 1500 കിലോ സ്വര്‍ണം; വിലയില്‍ 55% വ്യത്യാസം വരുമ്പോള്‍ ജൂവലറികള്‍ പ്രതീക്ഷിക്കുന്നത്

Increase Font Size Decrease Font Size Print Page
business

കഴിഞ്ഞ ഏതാനും മാസങ്ങളായി നിത്യേന വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഒന്നാണ് സ്വര്‍ണവില. സുരക്ഷിത നിക്ഷേപം, വൈകാരിക അടുപ്പം എന്നിവ തന്നെയാണ് സ്വര്‍ണത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതും. ബിസിനസ് ലോകത്ത് മാത്രമല്ല ചെറുത് മുതല്‍ വലിയ ചടങ്ങുകള്‍ക്ക് വരെ നമ്മുടെ നാട്ടില്‍ ഒഴിവാക്കാന്‍ കഴിയാത്ത സാന്നിദ്ധ്യമാണ് സ്വര്‍ണം. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ദിവസവുമുണ്ട് സ്വര്‍ണത്തിന്. അത് അക്ഷയ തൃതീയ ആണ്.

ഇക്കൊല്ലം ഏപ്രില്‍ 19ന് (ഞായറാഴ്ച) ആണ് രാജ്യത്ത് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഒരു വര്‍ഷം മുമ്പത്തെ വില്‍പ്പനയുമായി ഇന്നത്തെ സാഹചര്യം താരതമ്യം ചെയ്യുമ്പോള്‍ ആയിരക്കണക്കിന് കോടിയുടെ വ്യത്യാസം മൊത്തം ബിസിനസില്‍ വന്നേക്കാം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സ്വര്‍ണവിലയില്‍ 55% അധികം വില വര്‍ദ്ധനയാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം 1,500 കിലോയുടെ സ്വര്‍ണ വില്‍പ്പന നടന്നുവെന്നാണ് കണക്ക്. സ്വര്‍ണത്തിന്റെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇത്തവണ അതില്‍ കൂടുതല്‍ കച്ചവടമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ചുരുക്കത്തില്‍, 1500 കിലോ സ്വര്‍ണ്ണം വിറ്റഴിക്കപ്പെട്ടാല്‍ വിപണിയില്‍ ഏകദേശം 2,142 കോടി രൂപയുടെ ഇടപാടാണ് നടക്കുക. പണിക്കൂലിയും ജി.എസ്.ടി.യും ഉള്‍പ്പെടാതെയാണിത്.

കഴിഞ്ഞവര്‍ഷം അക്ഷയ തൃതീയ ദിവസത്തെ സ്വര്‍ണവില ഗ്രാമിന് 8,980 രൂപയായിരുന്നു. പവന് 71840 രൂപയും. 14280 രൂപയാണ് ഇന്നത്തെ മാര്‍ക്കറ്റിലെ ഒരു ഗ്രാമിന്റെ വില. അതായത് ഒരു പവന് 1,14,240 രൂപ. ജിഎസ്ടി, പണിക്കൂലി എന്നിവയിലെ വ്യത്യാസം കൂടി കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ 2142 കോടിയുടെ മൊത്തം ഇടപാടിനെ ബഹുദൂരം പിന്നിലാക്കും. മാത്രമല്ല പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ഇപ്പോള്‍ വിലയില്‍ നേരിയ ഇറക്കമാണ്. എന്നാല്‍ അക്ഷയ തൃതീയ മാര്‍ക്കറ്റിലേക്ക് ആളുകളെ കൂടുതലായി എത്തിക്കുന്നതോടെ വരും ദിവസങ്ങള്‍ വില വര്‍ദ്ധനവിന്റേതാകാനാണ് സാദ്ധ്യത.

TAGS: BUSINESS, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY