പാപ്പിനിശ്ശേരി: വിനോദ സഞ്ചാര മേഖലക്ക് കുതിപ്പേകാനായി കോടികൾ ചെലവിട്ട് ഒരുക്കിയ പദ്ധതികൾ മിക്കതും ഉപ്പ് കാറ്റേറ്റ് നശിക്കുന്നു. വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ രണ്ട് വർഷം മുൻപ് സ്ഥാപിച്ച ദശലക്ഷങ്ങളുടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അടക്കം ഉപ്പ് കാറ്റേറ്റ് നശിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി മോഹന വാഗ്ദാനങ്ങൾ ഉയർത്തി പാപ്പിനിശ്ശേരി പാറക്കലിനെ വിനോദ സഞ്ചാരികളുടെ ഹബ്ബാക്കി മാറ്റുമെന്ന് ഘോഷിച്ചാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജും മനോഹരമായ ജെട്ടിയും അടക്കം ഒരുക്കിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രിഡ്ജ് പുഴയിൽ പൊങ്ങി കിടക്കുകയല്ലാതെ ഒരു തുടർ നടപടിയും ഇല്ലാതെ ഖജനാവിലെ പണമാണ് ഒരു ലക്ഷ്യവും കാണാതെ ചോർന്ന് പോകുന്നത്.
നാല് വർഷം മുൻപ് വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപത്ത് സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജാണ് അവസാനം വിനോദ സഞ്ചാര ഹബ്ബാക്കാൻ പാറക്കലിൽ എത്തിച്ചത്. വളപട്ടണത്ത് ഏറേക്കാലം പൊങ്ങി കിടന്ന് ബ്രിഡ്ജിന് ചുറ്റും കനത്ത മഴയിൽ മാലിന്യം അടിഞ്ഞതോടെ പ്രദേശ വാസികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയരുകയായിരുന്നു. മാലിന്യം അടിക്കടി കൂടിയതോടെ രൂക്ഷമായ ദുർഗന്ധം കാരണം ചുറ്റുപാടുമുള്ള ജനവാസ മേഖലയിൽ വലിയ പകർച്ച വ്യാധി ഭീഷണി ഉയരുകയായിരുന്നു.
തുടർന്ന് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് സാമഗ്രികൾ കരക്കെത്തിച്ച് മാസങ്ങളോളം പുഴയോരത്ത് കൂട്ടിയിരുന്നു. ഈ ബ്രിഡ്ജാണ് പിന്നീട് പാറക്കലിൽ എത്തിച്ച് ബ്രിഡ്ജാക്കി ഉയർത്തിയത്. വളപട്ടണത്ത് ഉയർത്തിയ അതേ മാലിന്യ പ്രശ്നം കഴിഞ്ഞ രണ്ട് വർഷമായി പാറക്കലും നേരിടുകയാണ്.
ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് സമീപം തന്നെ ലക്ഷങ്ങൾ മുടക്കി മനോഹരമായ ജെട്ടിയും ഒരുക്കിയിരുന്നു. ജെട്ടിയും ഇതേ കാലഘട്ടത്തിൽ പണി പൂർത്തിയാക്കി മനോഹരമാക്കിയതാണ്. എന്നാൽ നിലവിൽ പുഴയിലൂടെ വിനോദ സഞ്ചാരികളേയും കൊണ്ട് തലങ്ങും വിലങ്ങും പോകുന്ന സ്വകാര്യ ബോട്ടുകൾ അടക്കം ഈ ജെട്ടി ഉള്ളതായി പോലും നടിക്കാതെ അവഗണിക്കുകയാണ്.
പ്രഖ്യാപനങ്ങൾ പാഴായി
കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് 1.90 കോടി രൂപ ചെലവിട്ട് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. പാറക്കലിനെ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റുമെന്നായിരുന്നു വാഗ്ദാനം. ഇതോടൊപ്പം പാറക്കലിൽ മനോഹരമായ പാർക്കും ലഘു ഭക്ഷണ മൊരുക്കാൻ ഹട്ടുകളും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. പറശ്ശിനിക്കടവ് വിനോദ സഞ്ചാര സർക്യൂട്ട് എന്ന പേരിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നിരവധി പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായി ഉയർന്നിരുന്നു. കൂടാതെ വളപ്പട്ടണം പുഴയിലെ നിരവധി കൊച്ചു ദ്വീപുകളെ കോർത്തിണക്കി അനുബന്ധ വിനോദ സഞ്ചാര പദ്ധതികളും പഞ്ചായത്തധികൃതർ അടക്കം പലതവണ പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ല എന്ന് മാത്രമല്ല കോടികൾ ഉപ്പ് കാറ്റിൽ നശിക്കുന്ന കാഴ്ചയാണുള്ളത്.
190
ഫ്ളോട്ടിംഗ് ബ്രിഡ്ജിനായി ചെലവഴിച്ചത് 190 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |