
രാജീവ് ചന്ദ്രശേഖർ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
ഭീകരയ്‌ക്കെതിരായ ഇന്ത്യയുടെ നിരന്തര പോരാട്ടത്തിൽ ഒരിക്കലും മറക്കാനാവാത്ത അദ്ധ്യായമാണ് പഹൽഗാം ആക്രമണം. പഹൽഗാമിലെ ബൈസരൺ താഴ് വരയിൽ വിനോദസഞ്ചാരികളുടെ മതം ചോദിച്ചുറപ്പിച്ച് കൂട്ടക്കൊല ചെയ്ത സംഭവം സമാനതകളില്ലാത്തതായിരുന്നു. മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 സാധാരണ ഇന്ത്യൻ പൗരന്മാരാണ് ഈ നീചമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2008-ൽ നടന്ന മുംബയ് ഭീകരാക്രമണത്തിനു ശേഷം സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടു നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു പഹൽഗാമിലേത്. പാക് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബ തന്നെയായിരുന്നു ഭീകരാക്രമണത്തിനു പിന്നിൽ.
ഓരോ വിനോദ സഞ്ചാരിയെയും നിരത്തിനിർത്തി, മതം ചോദിച്ച് ഹിന്ദുവാണെന്ന് ഉറപ്പിച്ച ശേഷമാണ് ഭീകരർ വെടിയുതിർത്തത്. വിനോദ സഞ്ചാരികളായ സ്ത്രീകളുടെ മുന്നിൽവച്ചാണ് അവർക്കൊപ്പമുള്ള പുരുഷന്മാരെ വെടിവച്ചുകൊന്നത്. ഓരോ നിരപരാധിയെയും വെടിവെച്ചുകൊന്ന ശേഷം സ്ത്രീകളോട് ഭീകരർ പറഞ്ഞത്, 'മോദിയോട് പോയി പറഞ്ഞേക്ക്" എന്ന വാക്കുകളായിരുന്നു. ഇന്ത്യ എന്ന പരമാധികാര രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു ഭീകരരുടെ നടപടി. നമ്മുടെ വനിതകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച ഭീകരതയ്‌ക്കെതിരെ മേയ് ഏഴിന് പാക്കിസ്ഥാനിലെ ഒൻപത് ഇടങ്ങളിൽ നടന്ന സൈനിക നടപടിയായിരുന്നു ഇന്ത്യയുടെ മറുപടി- ഓപ്പറേഷൻ സിന്ദൂർ!
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മു കാശ്മീരിലേക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഉണ്ടായത്. കേരളത്തിൽ നിന്നടക്കം ലക്ഷക്കണക്കിനു പേരാണ് കശ്മീരിലേക്കെത്തി താഴ് വരയുടെ സൗന്ദര്യം ആസ്വദിച്ചത്. ഭീകരതയും വികസനമില്ലായ്മയും നശിപ്പിച്ച ജമ്മു കശ്മീരിന് വലിയ കുതിപ്പാണ് വിനോദസഞ്ചാര മേഖലയിൽ നിന്ന് ലഭിച്ചത്. ശതകോടികളുടെ വരുമാനം കശ്മീരി യുവാക്കളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. നൂറുരൂപയ്ക്ക് സൈന്യത്തിനു നേരെ കല്ലെറിയാൻ പോയിരുന്നവരെല്ലാം വിഘടനവാദ സംഘടനകളുടെ പിടിയിൽ നിന്ന് മോചിതരായി വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നിരവധി ജോലികൾ ചെയ്ത് പണം സമ്പാദിക്കാൻ തുടങ്ങി.
കാശ്മീരിനെ ലക്ഷ്യമിട്ട് ഭീകരവാദപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനും പാക് ഭീകര സംഘടനകൾക്കും കാശ്മീരിലെ യുവാക്കൾ ഇത്തരത്തിൽ സാധാരണ ജീവിതം നയിക്കുന്നത് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. കാശ്മീരിന്റെ വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഭീകരരെയും അവരുടെ സ്‌പോൺസർമാരെയും പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. എന്നാൽ ഭീകരാക്രമണത്തിനു ശേഷം ദിവസങ്ങൾക്കകം തന്നെ കാശ്മീരിന്റെ വിനോദ സഞ്ചാരമേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത് ഭീകര സംഘടനകളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
പതിവിനു വിപരീതമായി ആഭ്യന്തര വിനോദ സഞ്ചാരികൾ വീണ്ടും കാശ്മീർ താഴ് വരയിലേക്ക് ഒഴുകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും നൽകിയ ഉറപ്പിന്മേലുള്ള വിശ്വാസമായിരുന്നു കാരണം. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും സ്വീകരിച്ച നടപടികൾ കാശ്മീരിനെ വീണ്ടും വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട നാടാക്കി മാറ്റി. എന്നാൽ, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ച ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ഈ സമയം തന്നെ നടക്കുകയായിരുന്നു.
ബൈസരൺ വാലിയിൽ ആക്രമണം നടത്തിയവരെ കണ്ടെത്താൻ ആരംഭിച്ച 'ഓപ്പറേഷൻ മഹാദേവ്" മൂന്നുമാസമാണ് നീണ്ടുനിന്നത്. ജൂലായ് മാസത്തിലാണ് ഈ ഭീകരരെ സുരക്ഷാ സൈന്യം വധിക്കുന്നത്. എന്നാൽ ഭീകരരെ തയ്യാറാക്കി വിട്ട പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കും സൈനികാസ്ഥാനങ്ങൾക്കും നേർക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ അതിശക്തമായ മറുപടി നൽകി. ഭീകരവാദത്തിനെതിരെ വെറുമൊരു നടപടി മാത്രമല്ല ഇന്ത്യ സ്വീകരിച്ചത്; മറിച്ച്, നമ്മുടെ സഹോദരിമാരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച ഭീകരവാദികളുടെ കേന്ദ്രം തന്നെ നാം ഇല്ലാതാക്കി എന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ.
പാക് പഞ്ചാബിലെ മുറീദ്ക്കയിലെ ലഷ്‌കർ കേന്ദ്രം, ബഹാവൽപൂരിലെ ജയ്‌ഷെ മുഹമ്മദ് ബേസ്, മുസാഫറാബാദ്, കോട്ലി, റാവൽകോട്ട്, ചക്‌സ്‌വാരി, ബീംബർ, നീലംവാലി, ഝലം, ചക്വാൽ, സിയാൽക്കോട്ട് ഭീകരകേന്ദ്രങ്ങൾ എന്നിവ ഇന്ത്യൻ സൈന്യം തകർത്തു. ഭീകരകേന്ദ്രങ്ങൾക്ക് സംരക്ഷണമൊരുക്കാനെത്തിയ പാക് സൈന്യത്തിന്റെ യുദ്ധവിമാനങ്ങളെയും പാക് സൈനിക കേന്ദ്രങ്ങളെയും തൊട്ടുപിന്നാലെ തകർത്തതും നമ്മുടെ പ്രഹരത്തിന്റെ കരുത്തു തെളിയിച്ചു. ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മുഴുവൻ ആക്രമണങ്ങളെയും ഫലപ്രദമായി പ്രതിരോധിച്ച് തോൽപ്പിക്കാൻ സാധിച്ചതും ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയുടെ ഉദാഹരണമായി.
സൈനിക നടപടി മാത്രമല്ല, സിന്ധു നദീജല കരാർ മരവിപ്പിക്കലും, നയതന്ത്ര തലത്തിലെ ഒറ്റപ്പെടുത്തലും, നയതന്ത്ര പ്രതിനിധികളുടെ പുറത്താക്കലും, പാക്കിസ്ഥാനിലെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചകളുമെല്ലാം കഴിഞ്ഞ ഒരുവർഷം നാം കണ്ടുകഴിഞ്ഞു. ഭീകരതയും സമാധാന ചർച്ചയും ഒരുമിച്ച് കൊണ്ടുപോകില്ല എന്ന പ്രഖ്യാപനത്തോടെ തന്നെ ഇന്ത്യയും പ്രധാനമന്ത്രി മോദിയും പാക്കിസ്ഥാനോട് നിലപാട് വ്യക്തമാക്കിയതാണ്. പഹൽഗാമിന് മറുപടി മാത്രമായിരുന്നില്ല ഓപ്പറേഷൻ സിന്ദൂർ. നമ്മുടെ നാടിന്റെ ഒത്തൊരുമയുടേയും സൈനികശേഷിയുടേയും കരുത്തുറ്റ രാഷ്ട്രീയ നേതൃത്വത്തിന്റെയും അടയാളം കൂടിയായിരുന്നു അത്. നമ്മുടെ നാടിന് നേർക്കുണ്ടാകുന്ന ഓരോ ഭീകരാക്രമണത്തിനും തിരിച്ചടി മാരകമായിരിക്കും എന്ന പ്രഖ്യാപനം കൂടിയാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ വാർഷിക വേളയിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |