
കലശ മഹോത്സവം നാളെ സമാപിക്കും
പയ്യന്നൂർ: തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ കലശ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രധാനചടങ്ങായ മീനമൃത് ആചാരപ്പെരുമയോടെ സമർപ്പിച്ചു.മാടായി കാവിൽ നിന്നും പയ്യന്നൂർ തെരുവിലെത്തിയ സ്വരൂപത്തിൽ തായിപരദേവതക്കുള്ള നിവേദ്യമെന്ന സങ്കൽപ്പത്തിലാണ് സവിശേഷ ചടങ്ങുകളുമായി മീനമൃത് സമർപ്പിക്കപ്പെടുന്നത്.
കലശമഹോത്സവത്തിന്റെ അഞ്ചാം നാളായ ഇന്നലെ വെളുക്കാൻ ഏഴര നാഴിക ശേഷിക്കെ തായിപരദേവതക്ക് നിവേദ്യത്തിനുള്ള മീനമൃതിനുള്ള അറിയിപ്പെന്ന വിശ്വാസത്തിലുള്ള പെരുമ്പറ മുഴങ്ങി.തുടർന്ന് വിവിധ ചടങ്ങുകൾ പൂർത്തിയാക്കി മദ്ധ്യാഹ്നമായപ്പോഴേക്കും ഒമ്പത് തവണ കൂടി പെരുമ്പറ മുഴക്കമുണ്ടായി. ക്ഷേത്ര തിരുമുറ്റത്ത് ഒത്തുചേർന്ന പുരുഷാരത്തെ ക്ഷേത്രം മൂത്ത ചെട്ടിയാൻ ഭഗവതിയുടെ തിരുമൊഴി ചൊല്ലി കേൾപ്പിച്ച് മഞ്ഞൾ കുറി പ്രസാദം നൽകുന്ന ചടങ്ങും തുടർന്ന് നടന്നു. മഞ്ഞൾ കുറി അണിഞ്ഞ സംഘം ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങി ആർപ്പ് വിളികളോടെ മൂന്ന് പ്രാവശ്യം ക്ഷേത്രത്തെ വലം വച്ചാണ് ദേവിയുടെ നിവേദ്യത്തിനായുള്ള മീൻ പിടിക്കുന്നതിനായി പടിഞ്ഞാറു ദിശയിൽ കവ്വായി പുഴ ലക്ഷ്യമാക്കി പുറപ്പെട്ടത്.
ആചാര പ്രകാരം മടപ്പള്ളി താഴത്ത് ഒത്തുകൂടി പുഴയിൽ ഇറങ്ങി മൂന്ന് തവണ മീനമൃത് വിളിച്ചാണ് മീൻപിടിത്തം തുടങ്ങിയത്. വൈകീട്ട് വരെ ഇത് തുടർന്നു. ഒടുവിൽ കരക്ക് കയറിയ സംഘം വിധി പ്രകാരം മീനുകളെ കോർത്ത 21 കോവ മാറ്റി വെച്ച് ബാക്കി മീനുകൾ നാട്ടുകാർക്ക് പ്രസാദമായി നൽകി. മത്സ്യക്കോവകൾ തണ്ടിൽ കെട്ടി വിജയഭേരി മുഴക്കി തിരിച്ചെത്തിയ സംഘത്തെ ക്ഷേത്രേശൻമാർ അരിയും കുറിയുമിട്ട് വാദ്യമേളത്തോടെയാണ് സ്വീകരിച്ചത്. പിന്നാലെ മീനമൃത് മടപ്പള്ളിയിലേക്ക് എഴുന്നള്ളിച്ചു. ഭഗവതിമാർക്ക് നിവേദ്യമായി പാലമൃതും മീനമൃതും നിവേദിച്ചു.തോർത്തുമുണ്ടുടുത്ത് ചൂരൽവടികളും വലയുമായാണ് സംഘം മീനമൃതിനായി പുറപ്പെടുന്നത്. പത്മശാലിയ വിഭാഗത്തിൽപെട്ട വ്യാപാരികൾ വിദേശത്തേക്ക് പുറപ്പെടുന്നതിന് മുമ്പായി കടൽകൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടാൻ മീൻ പിടിച്ച് ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിച്ചതിന്റെ സ്മരണയ്ക്കാണ് മീനമൃത് സമർപ്പണമെന്ന് പറയപ്പെടുന്നു.
കലശ മഹോത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് രാത്രി രാക്കലശ മഹോത്സവവും പത്ത് വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന വടക്കേ വാതിൽ തുറന്നുള്ള ദേവീ ദർശനവും നടക്കും. തുടർന്ന് തിരുവർക്കാട്ട് ഭഗവതിയുടെയും ക്ഷേത്രപാലകന്റെയും തെയ്യകോലങ്ങളോടു കൂടിയ കലശമെഴുന്നള്ളത്ത്. നാളെ ഉച്ചക്ക് ഊർ ബലി പുറപ്പാട്. വൈകീട്ട് വീരഭദ്രൻ തെയ്യം. രാത്രി തെയ്യങ്ങളുടെ മുടിയഴിക്കുന്നതോട് കൂടി ഏഴ് രാവും പകലും നീണ്ട് നിന്ന കലശ മഹോത്സവത്തിന് പരിസമാപ്തിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |