SignIn
Kerala Kaumudi Online
Saturday, 25 April 2026 1.56 AM IST

ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിന് ഉറിവഴിപാട് നടത്തുന്ന ഏക ക്ഷേത്രം,​ ബാലരൂപത്തിൽ അനുഗ്രഹം ചൊരിയുന്ന ശ്രീകൃഷ്ണ പ്രതിഷ്ഠ

Increase Font Size Decrease Font Size Print Page
ulanadu-

ബാല രൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് കുളനടയിലെ ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. മധുരപലഹാരങ്ങൾ നിറച്ച ഉറി വഴിപാടായി സമർപ്പിക്കുന്ന ഭാരതത്തിലെ ഏക ശ്രീകൃഷ്ണക്ഷേത്രമാണ് ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജയിൽ പങ്കെടുത്ത് ആഗ്രഹ സഫലീകരണം ലഭിച്ചവർ ഉണ്ണിക്കണ്ണന്റെ തിരുമുൻപിൽ സമർപ്പിക്കുന്ന വഴിപാടാണ് ഉറി വഴിപാട്.

വെണ്ണ, ക​ദ​ളിപ്പഴം, ഉണ്ണിയപ്പം, ല​ഡ്ഡു, അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ടശർക്കര, ഉണക്കമുന്തി​രി എന്നിവയാണ് ഉറിയിൽ നിറച്ച് ഉണ്ണിക്കണ്ണന് സമർപ്പിക്കുന്നത്. ഉറിയും കലവും ക്ഷേത്രത്തിൽനിന്ന് ലഭിക്കും. അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ട ശർ​ക്ക​ര എന്നിവ എപ്പോഴും ക്ഷേത്രത്തിൽ നിന്ന് ലഭി​ക്കും. വെണ്ണ, ക​ദ​ളിപ്പഴം, ലഡ്ഡു, ഉണ്ണി​യപ്പം, ഉണക്കമുന്തിരി ഇവ മുൻകൂട്ടി പറയുന്നത് അനു​സ​രിച്ച് ക്ഷേത്രത്തിൽ നിന്നും തയ്യാർ ചെയ്തു നൽ​കും. എല്ലാ വ്യാഴാഴ്ചയും ഞായറാഴ്​ച​യും, എല്ലാ മാസവും രോഹിണി നാൾ വരുന്ന ദിവസവും ഭക്തർക്ക് ലഡ്ഡു, ഉണ്ണി​യപ്പം, ഉറിവഴിപാട് ബുക്കുചെയ്യാവുന്ന​താ​ണ്.

ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി എല്ലാ മാസവും രോഹിണി നാളിൽ ക്ഷേത്രത്തിൽ നടത്തുന്ന പൂജയാണ് മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ. കേരളത്തിന്റെ അകത്തും പുറത്തും നിന്നും ആയിരക്കണക്കിന് ഭക്തർ എത്തുന്നു. രാവിലെ 9.30 മുതൽ 11 മണിവരെയാണ് പൂജാചടങ്ങുകൾ.

ക്ഷേത്ര ഐതീഹ്യം

ജനവാസം അധികമില്ലാതിരുന്ന കാലത്ത് ഉളനാട് പോളച്ചിറയിൽ കായൽ മാടൻ എന്നൊരു ഭീകരസത്വമുണ്ടായിരുന്നു. ആരും അങ്ങോട്ട് നോക്കുക പോലുമില്ലായിരുന്നു. ആ അവസരത്തിൽ ഇവിടെ ജീവിച്ചിരുന്ന കൃഷ്ണഭക്തന് ഈശ്വരന്റെ ഉൾവിളിയുണ്ടായി. ഉളനാടിനെ രക്ഷിക്കാൻ ഗുരുവായൂരപ്പന്റെ ബാലരൂപത്തിലുള്ള പ്രതിഷ്ഠ നടത്തണമെന്നായിരുന്നു അരുളപ്പാട്. ഇതനുസരിച്ച് ദേശവാസികൾ മീനമാസത്തിലെ രോഹിണി നക്ഷത്രത്തിൽ താഴമൺമഠം വലിയതന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ പോളച്ചിറ ജലാശയത്തിന് സമീപം ബാലഗോപാല പ്രതിഷ്ഠ നടത്തി. ഭഗവദ് ചൈതന്യം വർദ്ധിച്ചതോടെ കായൽ മാടനെ കാണാതായി. ഭഗവാൻ ഉണ്ണിക്കണ്ണൻ കായൽ മാടന് മോക്ഷമേകി താൻ കുടികൊള്ളുന്നതിന് മുൻവശം തെക്കുകിഴക്ക് മൂലയ്ക്കായി പേരാലിൻ ചുവട്ടിൽ കാവലാളായി കുടിയിരുത്തുകയായിരുന്നു. ഗണപതി, ദുർഗ്ഗാദേവി, രക്ഷസ്സ്, നാഗരാജാവ്, നാഗയക്ഷിയമ്മ, ഭദ്രാദേവി എന്നീ ഉപദേവതകൾ ഇവിടെ കുടികൊള്ളുന്നു.

ശ്രീകൃഷ്ണജയന്തിയ്ക്ക് വിശേഷാൽ ചടങ്ങുകൾ, വിനായകചതുർത്ഥിക്ക് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗണപതിക്ക് അപ്പം മൂടൽ, തുലാമാസത്തെ ആയില്യം നാൾ സർപ്പക്കാവിൽ നൂറും പാലും, വൃശ്ചികം ഒന്നു മുതൽ ദശാവതാരച്ചാർത്ത്, ചിറപ്പ് മഹോത്സവം, കുംഭത്തിൽ പറയ്ക്കെഴുന്നള്ളത്ത്, കുംഭക്കാർത്തികയ്ക്ക് ദേവീനടയിൽ പൊങ്കാല, രോഹിണി തിരുവുത്സവം, മീനത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രതിഷ്ഠാ വാർഷികം, കലശപൂജകൾ, വിഷുവിന് വിപുലമായ കണി ഒരുക്ക്, മേടമാസത്തിൽ ഭാഗവത സപ്താഹയജ്ഞം, കർക്കിടകം ഒന്നു മുതൽ രാമായണ മാസാചരണം എന്നിവയാണ് വിശേഷങ്ങൾ.

എത്തിച്ചേരാൻ

പത്തനംതിട്ട ജില്ലയിൽ പന്തള​ത്തിന് സമീപമുള്ള കുളനടയിൽ നിന്നും ഓമല്ലൂർ -​ പത്തനംതിട്ട റൂട്ടിൽ 3 കി​ലോ​മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഫോൺ - 7902269122.

TAGS: TEMPLE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.