പ്രതിഷേധവുമായി ജനങ്ങൾ
കട്ടപ്പന: പുഴയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരപ്രദേശങ്ങളിൽ നിന്ന് വെട്ടി മാറ്റിയ മരങ്ങൾ പുഴയിൽ തന്നെ നിക്ഷേപിച്ചു. കട്ടപ്പന സ്‌കൂൾ കവല മുതൽ പൊന്നിക്കവല കാഞ്ചിയാർ കുഴയോലിപ്പടി ഭാഗം വരെയുള്ള പുഴയുടെ ഇരുവശങ്ങളിലെയും മരങ്ങളാണ് സ്വാഭാവിക നീരൊഴുക്കിന് തടസമുണ്ടാക്കുംവിധം വെട്ടി ആറ്റിലേക്ക് തന്നെ നിക്ഷേപിച്ചിരിക്കുന്നത്. മഴക്കാലം ആരംഭിച്ചാൽ സ്വാഭാവിക നീരൊഴുക്ക് തടസപെട്ട് സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകുമെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. കട്ടപ്പനയാറിന്റെ സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായാണ് പുഴയുടെ ഇരുവശങ്ങളിലെയും കൽകെട്ടുകളുടെ നിർമ്മാണം നടത്തുന്നത്. ഇതിന്റെ ഭാഗമായി പുഴ കടന്നുപോകുന്ന തീരപ്രദേശങ്ങളിലെ മരങ്ങൾ വെട്ടിമാറ്റി. എന്നാൽ വെട്ടി മാറ്റിയ മരങ്ങൾ ആറ്റിലേക്ക് തന്നെ നിക്ഷേപിച്ചാണ് കരാറുകാർ മടങ്ങിയതെന്നാണ് ഉയരുന്ന പരാതി. അടുത്തിടെ അപ്രതീക്ഷിത മഴ ഉണ്ടായപ്പോൾ ആറ് കവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങളും പാലങ്ങളുമടക്കം മൂടിപോകുന്ന സാഹചര്യമുണ്ടായി. ചെറിയ തടി നടപ്പാലങ്ങൾ ഒഴുകിയും പോയി ഇക്കാര്യങ്ങൾ മുൻനിറുത്തി ആറ്റലേക്ക് വെട്ടിയിട്ടിരിക്കുന്ന മരച്ചില്ലകളടക്കമുള്ളവ നീക്കം ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മരച്ചില്ലകൾ പുഴയിൽ കിടക്കുന്നത് മൂലം ഇവ അഴുകി വെള്ളത്തിൽ കലർന്ന് കൊതുകുകളടക്കം വളരുന്നതിന് സാഹചര്യം ഉണ്ടാകുന്നതായും പ്രദേശവാസികൾ ചൂണ്ടി കാണിക്കുന്നുണ്ട്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ ആറ്റലേക്ക് വെട്ടിയിട്ടിരിക്കുന്ന മരങ്ങൾ ഇവിടെ നിന്ന് എടുത്തുമാറ്റാനുള്ള നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |