കൊല്ലം:110 കെ.വി സബ്സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതരുടെ അവഗണന മൂലം തേവലക്കര ഇരുട്ടിലാകുന്നു. സബ്സ്റ്റേഷൻ ഇല്ലാത്തതു കാരണം വോൾട്ടേജ് ക്ഷാമവും അടിക്കടി വൈദ്യുതി തടസപ്പെടുന്നതും ഈ മേഖലയിൽ പതിവാണ്. കൊടുംചൂടിൽ വൈദ്യുതി നിലയ്ക്കുന്നത് കുട്ടികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളെയും വാണിജ്യ സ്ഥാപനങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമില്ല
നിലവിൽ ചവറ സബ്സ്റ്റേഷനിൽ നിന്നാണ് തേവലക്കരയിൽ വൈദ്യുതി എത്തുന്നത്. പന്മന വഴി തേവലക്കരയിലേക്കും നീണ്ടകര വഴി തെക്കുംഭാഗത്തേക്കും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി വൈദ്യുതി എത്തുന്നതിലെ ദൂരക്കൂടുതൽ വോൾട്ടേജിനെ സാരമായി ബാധിക്കുന്നുണ്ട്. ചവറ സെക്ഷനിൽ എവിടെയെങ്കിലും തകരാർ സംഭവിച്ചാൽ അതിന്റെ ദുരിതം മുഴുവൻ തേവലക്കര നിവാസികൾ അനുഭവിക്കേണ്ടി വരുന്നു. നിലവിൽ കരുനാഗപ്പള്ളിയിൽ നിന്നോ ശാസ്താംകോട്ടയിൽ നിന്നോ വൈദ്യുതി എത്തിച്ചാണ് താത്കാലികമായി പ്രശ്നം പരിഹരിക്കുന്നത്. ഏകദേശം 40 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന സബ്സ്റ്റേഷൻ യാഥാർത്ഥ്യമായാൽ തേവലക്കര, പന്മന, തെക്കുംഭാഗം, മൈനാഗപ്പള്ളി പ്രദേശങ്ങളിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.
റവന്യൂ വകുപ്പിൽ ഫയൽ ഉറങ്ങുന്നു
സബ്സ്റ്റേഷൻ നിർമ്മാണത്തിനുള്ള നടപടികൾ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. നടുവിലക്കരയിലുള്ള സിലിക്കേറ്റ് കമ്പനിയുടെ വസ്തു ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി റവന്യൂ വകുപ്പിന്റെ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ ഫയൽ കെട്ടിക്കിടക്കുകയാണ്. ഈ വസ്തു ഏറ്റെടുത്തു കെ.എസ്.ഇ.ബിക്ക് നൽകിയാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാവൂ. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും മറ്റു സാങ്കേതിക കാരണങ്ങളും പറഞ്ഞ് നടപടികൾ വൈകിപ്പിക്കുകയാണ് അധികൃതർ.
നീളുന്ന കാത്തിരിപ്പ്
2010 മുതൽ സബ്സ്റ്റേഷനായിട്ടുള്ള പോരാട്ടം ആരംഭിച്ചതാണ്. നവകേരള സദസിൽ എം.എൽ.എ വിഷയം അവതരിപ്പിച്ചതിനെ തുടർന്ന് ഭരണാനുമതിയും (എ.എസ്) സാങ്കേതികാനുമതിയും (ടി.എസ് ) ലഭിച്ചിരുന്നു. എന്നാൽ വസ്തു ഏറ്റെടുക്കുന്നതിലെ കാലതാമസം ഇപ്പോഴും വില്ലനായി തുടരുന്നു. വരും ദിവസങ്ങളിൽ സബ്സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |