
ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളുടെ മരണം
ന്യൂഡൽഹി: 'താൻ ആരെയും കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല, മോഷണമായിരുന്നു ലക്ഷ്യം. അത് അങ്ങനെ സംഭവിച്ചുപോയതാണ്"
ഡൽഹിയിൽ മുതിർന്ന ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുൽ മീണ പൊലീസിനോട് ന്യായീകരിച്ചു. തെറ്ര് ചെയ്തുപോയെന്നായിരുന്നു ഇയാൾ കഴിഞ്ഞ ദിവസം ജുഡിഷ്യൽ മജിസ്ട്രേറ്റിനുമുമ്പിൽ പറഞ്ഞത്. നിലവിൽ ചോദ്യം ചെയ്യുന്നതിനായി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. രാഹുലിന് പശ്ചാത്താപത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. പണവും ആഭരണങ്ങളും മോഷ്ടിക്കാനാണെത്തിയത്. പക്ഷേ ചേച്ചി നിലവിളിക്കാനും എന്നെ തടയാനും തുടങ്ങി. അപ്പോൾ വിളക്കുകൊണ്ട് അടിക്കുകയായിരുന്നു. ഐ.ആർ.എസ് ഉദ്യോഗസ്ഥനും ഭാര്യയും ദൈവങ്ങളെപ്പോലെയായിരുന്നെന്നും പക്ഷേ തനിക്ക് പണം വേണമായിരുന്നെന്നും അയാൾ പറയുന്നു.
ആൽവാർ മുതൽ ഡൽഹി വരെ
ഐ.ഐർ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ 20,000 രൂപ ശമ്പളത്തിൽ എട്ട് മാസം രാഹുൽ ജോലി ചെയ്തിരുന്നു.
അയൽപക്കക്കാരിൽ നിന്നും മറ്റ് വീട്ടുജോലിക്കാരിൽ നിന്നും പണം കടം വാങ്ങുന്നത് പതിവായിരുന്നു. ഇതുൾപ്പെടെ പല കാരണങ്ങളാൽ
ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു. ചൊവ്വാഴ്ച വൈകിട്ട് ആൽവാറിൽ സുഹൃത്തിനൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോയി. ആ രാത്രിയിൽ, ഒറ്റയ്ക്ക് ഗ്രാമത്തിലേക്ക് മടങ്ങി, അതേ സുഹൃത്തിന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തു. സ്വന്തം മൊബൈൽ ഫോണുൾപ്പെടെ മൂന്നെണ്ണം വിറ്റു. വാടകയ്ക്കെടുത്ത കാറിൽ ഡൽഹിയിലേക്ക്. പണത്തിന്റെ പകുതി ഓൺലൈൻ വാതുവയ്പിനായി ഉപയോഗിച്ചു. ഡൽഹിയിലെത്തിയപ്പോൾ ഡ്രൈവർക്ക് പണം നൽകാതെ മുങ്ങി ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക്. പണം മോഷ്ടിച്ച് തിരികെ ആൽവാറിലെ വീട്ടിലേക്ക് വരാനായിരുന്നു പദ്ധതി.
അതിക്രൂരം കൊലപാതകം
ഐ.ഐ.ടി ബിരുദധാരിയായ യുവതി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മാതാപിതാക്കൾ ജിമ്മിൽ പോയ സമയം നോക്കിയാണ് രാഹുൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്ന് യുവതിക്കരികിലെത്തിയത്. ചോദ്യം ചെയ്തപ്പോൾ ആന്റി വിളിച്ചതിനാലാണ് വന്നതെന്ന് അറിയിച്ചു. പിന്നീട് പണം ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ അക്രമാസക്തനായ രാഹുൽ വിളക്കുൾപ്പെടെ എടുത്ത് യുവതിയുടെ തലയ്ക്കടിച്ചു. തുടർന്ന് മൊബൈൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു. അബോധാവസ്ഥയിലായിരുന്ന യുവതിയെ മാനഭംഗപ്പെടുത്തി. തുടർന്ന് ലോക്കർ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് വലിച്ചിഴച്ചു. വിരൽ ബയോമെട്രിക് സ്‌കാനറിൽ അമർത്തി ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ലോക്കർ തകർത്ത് പണവും ആഭരണങ്ങളും മോഷ്ടിച്ചു, രക്തം പുരണ്ട പാന്റും ഷൂസും മാറ്റി രക്ഷപ്പെട്ടു.
മാനസികാരോഗ്യം പരിശോധിക്കും
പ്രതിയുടെ മാനസിക വിശകലനം നടത്താൻ ഡൽഹി പൊലീസ്. ആക്രമണത്തിന്റെ അളവ്, വൈകാരിക പ്രതികരണങ്ങൾ, ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.
മരണം ശ്വാസം മുട്ടി
ഡൽഹി എയിംസിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ യുവതി ശ്വാസംമുട്ടൽ മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ശരീരത്തിൽ ചതവുകളും ഒടിവുകളുമുണ്ട്. കഴുത്തിലെ പേശികളിൽ രക്തസ്രാവവുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |