SignIn
Kerala Kaumudi Online
Sunday, 26 April 2026 3.52 AM IST

ഇവിടത്തെ പോരാണ് പോര്

Increase Font Size Decrease Font Size Print Page
a

മലപ്പുറം ജില്ലയിൽ 16 നിയോജക മണ്ഡലങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 4ന് മൂന്ന് മണ്ഡലങ്ങളിലാവും യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും നെഞ്ചിടിപ്പ് ഉയരുക. മത്സരാവേശം പൊടിപാറിയ പൊന്നാനി,​ തവനൂർ,​ തിരൂർ മണ്ഡലങ്ങൾ പോളിംഗിന് ശേഷവും ആർക്കെന്ന സൂചന പോലും നൽകുന്നില്ല. പൊന്നാനിയും തവനൂരും ഇടതിന്റേയും തിരൂർ ലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ്. പൊന്നാനിയിൽ 17,​000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എം.എൽ.എ പി.നന്ദകുമാറിന്റെ വിജയം. തവനൂരിൽ 2,185 വോട്ടിനാണ് കെ.ടി. ജലീലിന്റെ വിജയം. തിരൂരിൽ സിറ്റിംഗ് എം.എൽ.എ കുറുക്കോളി മൊയ്തീന് 7,214 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഈ മൂന്ന് മണ്ഡ‌ലങ്ങളിലും വിജയിച്ചാൽ മലപ്പുറം ജില്ലയിൽ സമ്പൂ‌ർണ്ണ വിജയമെന്ന ഖ്യാതി യു.ഡി.എഫിന് ലഭിക്കും. അതേസമയം ഇവിടങ്ങളിലെ വിജയം ഇടതുപക്ഷത്തെ സംബന്ധിച്ചെടുത്തോളം അഭിമാനത്തിന്റെ കൂടി കാര്യമാണ്. കഴിഞ്ഞ തവണത്തെ സീറ്റ് നില ഇത്തവണയും നിലനിറുത്താനായെന്ന് എൽ.ഡി.എഫിന് ആശ്വസിക്കാം.

ആർക്കൊപ്പം തിരൂർ

മുസ്ലിം ലീഗിന്റെ സിറ്റിംഗ് എം.എൽ.എ കുറുക്കോളി മൊയ്തീന് 'ഈസി വാക്കോവർ" പ്രതീക്ഷിച്ച തിരൂരിൽ ഇടതുസ്വതന്ത്രനും മന്ത്രിയുമായ വി. അബ്ദുറഹ്മാൻ കളം നിറഞ്ഞതോടെ അവസാന ലാപ്പിലാണ് മത്സരച്ചൂട് കനത്തത്. പ്രചാരണത്തിൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമെത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗും ഉയർന്നു. രണ്ടുതവണ എം.എൽ.എയായ താനൂരിൽ നിന്നാണ് ജന്മനാടായ തിരൂരിലേക്കുള്ള അബ്ദുറഹ്മാന്റെ ചുവടുമാറ്റം.മൂന്നാം അങ്കത്തിന് താനൂരിൽ സി.പി.എം ഇറക്കിയപ്പോൾ തിരൂർ സീറ്റെന്നതിൽ അബ്ദുറഹ്മാൻ ഉറച്ചുനിന്നു. 7,214 വോട്ടിന്റെ ഭൂരിപക്ഷം തിരൂരിൽ യു.ഡി.എഫിനുണ്ട്. ഇടതുക്യാമ്പിന് പുറത്തെ വോട്ട് സ്വരൂപിച്ചാലേ അബ്ദുറഹ്മാന് വിജയിക്കാനാവൂ. മുൻ കോൺഗ്രസുകാരനായ അബ്ദുറഹ്മാൻ തിരൂർ നഗരസഭ വൈസ് ചെയർമാനായിട്ടുണ്ട്. കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങളുമായി അടുത്ത ബന്ധമുണ്ട്. വോട്ട് പെട്ടി തുറക്കുമ്പോൾ ഈ ഘടകം കൂടി തുണയ്ക്കുമെന്നാണ് അബ്ദുറഹ്മാൻ ക്യാമ്പിന്റെ ആത്മവിശ്വാസം. തിരൂരിൽ എസ്.ഡി.പി.ഐയുമായി ഡീലെന്ന ആരോപണം യു.ഡി.എഫ് ഉയർത്തിയിട്ടുണ്ട്. 3,000ത്തോളം വോട്ടുള്ള എസ്.ഡി.പി.ഐ മത്സരിച്ചിരുന്നില്ല. കനത്ത മത്സരം അരങ്ങേറിയ തിരൂരിൽ എസ്.ഡി.പി.ഐ വോട്ട് നിർണായകമായേക്കും. മൂന്ന് മുന്നണികളിലും പെടാത്ത സ്വതന്ത്ര വോട്ടുകൾ ആകർഷിക്കാനായാൽ 5,​000ത്തോളം വോട്ടിനെങ്കിലും തിരൂരിൽ വിജയിക്കാനാവുമെന്നാണ് ഇടതുക്യാമ്പിന്റെ കണക്കുകൂട്ടൽ. കാലങ്ങളായി മണ്ഡലം ഉറച്ചുനിൽക്കുന്നതിലാണ് ലീഗിന്റെ പ്രതീക്ഷ. മുന്നണിയിലെ ഐക്യവും കുറുക്കോളി മൊയ്തീന്റെ പൊതുസമ്മതിയും തുണയ്ക്കും. 2,​000ത്തോളം വോട്ടുള്ള വെൽഫെയർ പാർട്ടിയുടെ പിന്തുണയുമുണ്ട്. അപ്രതീക്ഷിത തിരിച്ചടിയുണ്ടായാലും 5,000 വോട്ടിനെങ്കിലും വിജയമുറപ്പെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. ബി.ജെ.പിക്കായി പാലക്കാട് മേഖല അദ്ധ്യക്ഷൻ കെ. നാരായണനാണ് എത്തുന്നത്. 9,000ത്തോളം വോട്ടുകളാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബി.ജെ.പി നേടിയത്. വിജയിച്ചത് ഒറ്റത്തവണ 1957 മുതലുള്ള 15 തിരഞ്ഞെടുപ്പുകളിൽ 2006ലാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. ഇ.ടി. മുഹമ്മദ് ബഷീർ 8,680 വോട്ടിന് തോൽവിയുടെ രുചിയറിഞ്ഞു. കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും മങ്കടയിൽ എം.കെ. മുനീറുമുൾപ്പെടെ പരാജയപ്പെട്ട സാഹചര്യമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരൂർ നഗരസഭയിലും ആറ് പഞ്ചായത്തുകളിലും യു.ഡി.എഫാണ് അധികാരത്തിൽ. ചില്ലറ പോരല്ല പൊന്നാനിയിൽ. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ പൊന്നാനി സമീപകാലത്തെ കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.നൗഷാദ് അലി രണ്ടുവർഷത്തിലേറെയായി പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പൊന്നാനിക്കാരൻ കൂടിയാണ് മുൻ പി.എസ്.സി ചെയർമാൻ കൂടിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.സക്കീ‌ർ. പേരിൽ തന്നെ ജനകീയനെന്ന വിശേഷണത്തോടെ കളത്തിൽ നിറഞ്ഞിട്ടുണ്ട് എൻ.ഡി.എയുടെ മനീഷ് ജനകീയം. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നെന്ന വാദത്തിലൂടെ പൊന്നാനിയിൽ വിജയം ഉറപ്പിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്. മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ വേണ്ടവിധം ചർച്ചയാക്കിയെന്ന ആത്മവിശ്വാസത്തിലാണ് ഈ അവകാശവാദം. കടൽഭിത്തിയുടെ കുറവും, ഗവ.കോളേജ് ഇല്ലാത്തതും, സർക്കാർ ആശുപത്രികളിൽ കാത്ത് ലാബിന്റെ അഭാവവും പ്രചാരണങ്ങളിൽ യു.‌ഡി.എഫ് മുഖ്യമായി ഉയർ‌ത്തി. വികസന തുടർച്ചയ്ക്ക് ഒരുവോട്ട് എന്നതിലൂന്നിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.സക്കീർ പ്രചാരണം നയിച്ചത്. പൊന്നാനിയെ വ്യക്തമായി അറിയുന്ന പ്രദേശവാസിയെന്നത് പ്രത്യേകം ഉയർ‌ത്തിക്കാട്ടിയിട്ടുണ്ട്. ഇത് വോട്ട് പെട്ടിയിൽ എന്തെങ്കിലും ചലനം സൃഷ്ടിച്ചിട്ടുണ്ടോ എന്ന് അറിയാൻ മേയ് നാല് വരെ കാത്തിരിക്കണം. സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കത്തിലുണ്ടായ അസ്വാരസ്യങ്ങൾ പുറമേക്ക് പ്രകടമായില്ലെങ്കിലും തീരദേശത്തുൾപ്പെടെ വോട്ടുചോർച്ചയിലേക്ക് നയിച്ചോ എന്നതിലാണ് എൽ.ഡി.എഫിന്റെ ആശങ്ക. മലപ്പുറം ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് പൊന്നാനിയിലാണ്. ഇതുയർത്തി മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് ഉറപ്പിക്കുകയാണ് സി.പി.എം. എൻ.ഡി.എ സ്ഥാനാർത്ഥി മനീഷ് ജനകീയം പിടിക്കുന്ന വോട്ടുകളും നിർണ്ണായകമാണ്. നിലവിലെ ഭൂരിപക്ഷം മറിടക്കുമെന്ന് എൽ.ഡി.എഫും 5,​000 വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുക്കുമെന്ന് യു.ഡി.എഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

നെഞ്ചിൽ തീ

ഇഞ്ചോടിഞ്ച് പോരാട്ടമെന്ന വിശേഷണം പോളിംഗിലും പ്രകടമായ മണ്ഡലമാണ് തവനൂർ. പോളിംഗ് പിന്നിട്ടിട്ടും മണ്ഡലത്തിന്റെ മനം ആർക്കും പിടികിട്ടിയിട്ടില്ല. സുരക്ഷിത ഭൂരിപക്ഷം എൽ.ഡി.എഫോ, യു.ഡി.എഫോ പ്രതീക്ഷിക്കുന്നില്ല. മണ്ഡലം എങ്ങോട്ടും ചാഞ്ഞേക്കാമെന്നതാണ് അവസ്ഥ. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി.ജലീലും യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ജോയിയും എൻ.ഡി.എയുടെ രവി തേലത്തും പ്രചാരണത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. 15 വർഷം സിറ്റിംഗ് എം.എൽ.എയായ ജലീൽ വികസനം കൊണ്ടുവന്നില്ലെന്നതാണ് പ്രചാരണത്തിലുടനീളം യു.ഡി.എഫ് ഉയ‌ർത്തിയത്. മാറ്റമെന്നതിൽ യു.ഡി.എഫ് കേന്ദ്രീകരിച്ചപ്പോൾ വികസനം അക്കമിട്ട് നിരത്തിയിട്ടുണ്ട് എൽ.ഡി.എഫ്. മണ്ഡലത്തിന്റെ കൃത്യമായ പൾസറിയുന്ന ജലീൽ മണ്ഡലം തന്നെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ്. മുൻതിരഞ്ഞെടുപ്പുകളിലേതിന് സമാനമായി യു.ഡി.എഫ് വോട്ടുകളിൽ ഒരുപങ്ക് ജലീലിന് ലഭിക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം ലഭിച്ചത് പ്രതീക്ഷയാക്കിയാണ് വി.എസ്.ജോയിയുടെ കണക്കുകൂട്ടൽ. ബി.ജെ.പിക്ക് ശക്തിയുള്ള മണ്ഡലമാണ് തവനൂർ. നിലവിലെ സ്ഥാനാർത്ഥി രവി തേലത്ത് 2016ൽ മത്സരിച്ചപ്പോൾ 15,801 വോട്ട് നേടിയിട്ടുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.