പെരുന്ന: ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സ്വീകരിച്ച ശരിദൂരം നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാത്തതാണ് പ്രധാനമായും സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് പോകാൻ കാരണം. പ്രവർത്തകരെ സംബന്ധിച്ച് അവർക്കിഷ്ടമുള്ള നിലപാടുകൾ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ വിലക്കില്ലായിരുന്നു. അതനുസരിച്ചാണ് എൻ.എസ്.എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടവർ അവരുടെ അഭിപ്രായമനുസരിച്ച് പ്രവർത്തനം നടത്തിയതെന്ന് സുകുമാരൻ നായർ പ്രസ്‌താവനയിലൂടെ അറിയിച്ചു.
യു.ഡി.എഫിന് വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് എൻ.എസ്.എസ് വോട്ടുപിടിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും തങ്ങൾ സ്വീകരിച്ച ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കും. സംസ്ഥാന സർക്കാർ ഈശ്വര വിശ്വാസം ഇല്ലാതാക്കാൻ ആചാര അനുഷ്‌ഠാനങ്ങൾക്ക് എതിരായി നിലകൊണ്ടു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താൻ മുന്നോക്ക വിഭാഗത്തെ ബോധപൂർവ്വം അവഗണിക്കുകയാണ്. മുന്നോക്ക സംവരണം നടപ്പാക്കുന്നത് ബോധപൂർവ്വം വൈകിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്‌താവനയിലുണ്ട്.
സർക്കാരിനെ സമ്മർദത്തിലാക്കി അനർഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങൾക്കോ എൻ.എസ്.എസ് ശ്രമിച്ചിട്ടില്ല. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കുന്നതിനും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മക്കും വേണ്ടിയാണ് ഈ ഉപതിരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്നതെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |