പത്തനംതിട്ട : ഫാസിസത്തിനും ജാതി വിവേചനത്തിനുമെതിരെ സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താൻ ബി.ജെ.പി മുൻ ജില്ലാപ്രസിഡന്റിന്റെ നേതൃത്വത്തിൽ ശ്രമം. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ കവിതാപുരസ്‌കാരം ഏറ്റുവാങ്ങി പത്തനംതിട്ട ടൗൺ ഹാളിൽ സംസാരിക്കുകയായിരുന്നു കുരീപ്പുഴ. സങ്കടങ്ങളുടെ കാലമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ജാതി വിവേചനത്തിന്റെ പേരിൽ അടുത്തിടെയാണ് ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. തൃശൂരിലെ വെടിക്കെട്ട് അപകടത്തിൽ പാവങ്ങൾ മരിച്ചിട്ടും അവിടെ ഒന്നുംസംഭവിച്ചില്ല. പേരിനൊപ്പം ജാതി വാൽ ഇപ്പോഴും അഭിമാനമായി കൊണ്ടുനടക്കുന്നവരുണ്ട്. ഇന്ത്യയിലെ മിക്കസംസ്ഥാനങ്ങളിലും വരേണ്യമായ ജാതിചിന്തയാണ് നിയമം നടപ്പാക്കുന്നതെന്നും അന്യസംസ്ഥാനത്ത് നിന്ന് കമിതാക്കൾ സമാധാനത്തോടെ വിവാഹം കഴിക്കാൻ എത്തിയത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇൗ സമയത്ത് സദസിലുണ്ടായിരുന്ന ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമ്മയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നയാളും പ്രസംഗം നിറുത്തണമെന്നും രാഷ്ട്രീയം പറയരുതെന്നും ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. വേദിയിലും സദസിലും ഉണ്ടായിരുന്നവർ ഇവർക്കെതിരെ തിരിഞ്ഞതോടെ ഏറെനേരം ബഹളം തുടർന്നു. സംഘാടകർ ഇടപെട്ട് പ്രതിഷേധക്കാരെ പുറത്താക്കിയശേഷം കുരീപ്പുഴ പ്രസംഗം തുടരുകയും ചെയ്തു. മുൻപും കുരീപ്പുഴയ്ക്കെതിരെ സംഘപരിവാർ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.കെ.എസ്.രവികുമാർ പുരസ്കാരം സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |