SignIn
Kerala Kaumudi Online
Sunday, 26 April 2026 3.55 AM IST

സ്വാമി മുനി നാരായണ പ്രസാദ്: ആത്മീയ സ്മരണകളിൽ മായാത്ത സാന്നിദ്ധ്യം

Increase Font Size Decrease Font Size Print Page
thiruvalla

തിരുവല്ല : ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശങ്ങൾ ലോകമെങ്ങും പ്രചരിപ്പിച്ച പ്രമുഖ സന്യാസിയും ചിന്തകനുമായ സ്വാമി മുനി നാരായണ പ്രസാദിന്റെ വിയോഗം തിരുവല്ലയുടെ ആത്മീയ സ്മരണകളിൽ വലിയ നഷ്ടമായി. ഗുരുദേവന്റെ “ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്” എന്ന സർവമാനവ സന്ദേശം ലളിതമായി ജനങ്ങളിലേക്കെത്തിച്ച സ്വാമിജി 2024 ജൂണിലാണ് ഒടുവിൽ തിരുവല്ലയിലെത്തിയത്. ഉറ്റസുഹൃത്തായ ഓതറ തൈമറവുംകരയിൽ വേട്ടവക്കോട്ട് വിശ്വനാഥന്റെ വസതിയിൽ നടന്ന ജ്ഞാനസന്ധ്യയിൽ പങ്കെടുത്ത സ്വാമിജി മൂന്ന് ദിവസത്തോളം ഇവിടെ താമസിച്ചശേഷമാണ് മടങ്ങിയത്.

ഏറെക്കാലത്തിനു ശേഷം തിരുവല്ലയിലെത്തിയ സ്വാമിജിയുടെ അനുഗ്രഹം വാങ്ങാൻ പ്രമുഖർ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇവിടെ എത്തിയത് നാട്ടുകാർ ഇന്നും ഓർക്കുന്നു. അന്ന് കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ മതനേതാക്കൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് നന്നല്ലെന്നും കുട്ടികളിൽ മൂല്യബോധം വളർത്താൻ സഹായിക്കും വിധം പാഠ്യപദ്ധതിയിൽ പരിഷ്‌കരണം ആവശ്യമാണെന്നും സ്വാമിജി പറഞ്ഞിരുന്നു.
തിരുവല്ലയുമായി സ്വാമിജിക്ക് ആത്മീയവും സാംസ്കാരികവുമായ ഒരു ആത്മബന്ധം നിലനിന്നിരുന്നു. ജില്ലയിലെ വിവിധ വേദികളിൽ പങ്കെടുത്ത് ശ്രീനാരായണ ചിന്തകളെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങൾ ഇന്നും പലരുടെ മനസിൽ തെളിഞ്ഞുനിൽക്കുന്നു.

മതസൗഹാർദ്ദം, സാമൂഹിക നവോത്ഥാനം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, മനുഷ്യസ്നേഹം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ തിരുവല്ലയിലെ യുവജനങ്ങളിലും സാമൂഹിക പ്രവർത്തകരിലും കുട്ടികളിലുമൊക്കെ വലിയ സ്വാധീനം ചെലുത്തി. ഗുരുദേവ ദർശനങ്ങളെ വെറും ആചാരപരതയിൽ ഒതുക്കാതെ ജീവിതചര്യയാക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് ഓർമ്മിപ്പിച്ചിരുന്നു.

തിരുവല്ലയിലെ പല ആത്മീയ കേന്ദ്രങ്ങളും ഗുരുദേവ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളും അദ്ദേഹത്തെ ആദരപൂർവം സ്വീകരിച്ചിരുന്നു. ലാളിത്യവും പാണ്ഡിത്യവും ഒരുപോലെ ചേർന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏവർക്കും പ്രചോദനമായിരുന്നു. സ്വാമി മുനി നാരായണ പ്രസാദിന്റെ നിര്യാണത്തോടെ ഒരു മഹത്തായ ആത്മീയ ശബ്ദമാണ് നിശബ്ദമായത്. എന്നാൽ അദ്ദേഹം ഉയർത്തിപ്പിടിച്ച ഗുരുദേവ സന്ദേശങ്ങളും മനുഷ്യസ്നേഹത്തിന്റെ പാതയും എന്നും തലമുറകൾക്ക് വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.